വിദേശ തൊഴിലാളികളുടെ നടപടിക്രമങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ യുഎഇ വിസാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

വിദേശ തൊഴിലാളികളുടെ നടപടിക്രമങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ യുഎഇ വിസാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു
യുഎഇ വിദേശകാര്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവ സംയുക്തമായി മൂന്ന് ഘട്ടങ്ങളിലായാണ് വിദേശരാജ്യങ്ങളില്‍ വിസാ സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
വിദേശ തൊഴിലാളികളുടെ തൊഴില്‍കരാര്‍, വിസ തുടങ്ങിയ നടപടികള്‍ അവരുടെ നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കുന്നതിന് യുഎഇ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ വിസാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. ഇന്ത്യയില്‍ രണ്ട് ഘട്ടങ്ങളിലായി ഏഴ് വിസാ കേന്ദ്രങ്ങള്‍ തുറക്കാനാണ് പദ്ധതി.
യുഎഇ വിദേശകാര്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവ സംയുക്തമായി മൂന്ന് ഘട്ടങ്ങളിലായാണ് വിദേശരാജ്യങ്ങളില്‍ വിസാ സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ ഏഴ് കേന്ദ്രങ്ങള്‍ തുറക്കുന്നുണ്ടെങ്കിലും ഏതെല്ലാം നഗരങ്ങളിലാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ആദ്യഘട്ടത്തില്‍ ശ്രീലങ്ക, ഇന്തോനേഷ്യ, കെനിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ് കേന്ദ്രം തുറക്കുക. അടുത്തഘട്ടത്തില്‍ ഇന്ത്യയില്‍ നാല് കേന്ദ്രങ്ങള്‍ ആരംഭിക്കും. ഈജിപ്ത്, ടുനീഷ്യ, ലബനാന്‍, സെനഗല്‍, നെജീരിയ എന്നിവിടങ്ങളില്‍ കൂടി ഈ ഘട്ടത്തില്‍ വിസാ കേന്ദ്രങ്ങള്‍ വരും.
മൂന്നാം ഘട്ടത്തില്‍ ഇന്ത്യയില്‍ മൂന്ന് വിസാ കേന്ദ്രങ്ങള്‍ കൂടി തുറക്കും. പാകിസ്താനിലും മൂന്ന് കേന്ദ്രങ്ങളുണ്ടാകും. ഈജിപ്തിലും, നെജീരിയയിലും ഒന്നില്‍ കൂടുതല്‍ വിസാ കേന്ദ്രങ്ങള്‍ തുറക്കുന്നുണ്ട്. തൊഴിലാളികളുടെ വിരലടയാള പരിശോധന, വിദ്യാഭ്യാസ താമസരേഖകളുടെ പരിശോധന, മെഡിക്കല്‍ പരിശോധന എന്നിവ ഈ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയാക്കും. യുഎഇയിലേക്ക് വരാനുള്ള എന്‍ട്രീ പെര്‍മിറ്റ് അനുവദിക്കുന്നതും ഈ കേന്ദ്രങ്ങള്‍ വഴിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Adjust Story Font
16

