Quantcast

ഒമാനില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞു

MediaOne Logo

admin

  • Published:

    28 May 2018 8:03 PM IST

ഒമാനില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞു
X

ഒമാനില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞു

ഒമാനിലെ സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലത്തിന്റെ റിപ്പോര്‍ട്ട്

ഒമാനിലെ സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് സ്വകാര്യ കമ്പനികളിലെ പ്രവാസികളുടെ എണ്ണത്തില്‍ മൂന്ന് ശതമാനം കുറവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വകാര്യ കമ്പനികളിലെ ഉയര്‍ന്ന തസ്തികകളില്‍ നിന്ന് പ്രവാസികള്‍ കൊഴിഞ്ഞുപോകുന്നതായാണ് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. ഏപ്രില്‍ അവസാനത്തെ കണക്കനുസരിച്ച് 37,966 വിദേശികളാണ് മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്നത്. ഡിസംബര്‍ അവസാനം 39,130 പ്രവാസി മാനേജര്‍മാരായിരുന്നു സ്വകാര്യ മേഖലയില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന തസ്തികകളില്‍ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന യൂത്ത് ആന്റ് ഹ്യൂമന്‍ റിസോഴ്സ് കമ്മിറ്റിയുടെ നിര്‍ദേശം മജ്ലിസുശൂറ അടുത്തിടെ അംഗീകരിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ മാനേജീരിയല്‍ തസ്തികകളില്‍ സ്വദേശികളുടെ എണ്ണം 40 ശതമാനമായി ഉയര്‍ത്തണമെന്ന നിര്‍ദേശത്തിനാണ് അംഗീകാരമായത്. മതിയായ പരിശീലനം നല്‍കി ഓരോ വര്‍ഷവും നിശ്ചിത ശതമാനം വീതം സ്വദേശിവത്കരണം വര്‍ധിപ്പിക്കണമെന്നാണ് ശൂറാ കൗണ്‍സില്‍ അംഗീകരിച്ചത്. മന്ത്രിസഭാ കൗണ്‍സിലിന്റെ പരിഗണനക്കായി ഈ നിര്‍ദേശം സമര്‍പ്പിച്ചിരിക്കുകയാണ്.

ഏപ്രില്‍ അവസാനത്തെ കണക്കനുസരിച്ച് പുരുഷ മാനേജര്‍മാരുടെ എണ്ണം 37000ത്തില്‍ നിന്ന് 35,835 ആയി കുറഞ്ഞിട്ടുണ്ട്. സ്ത്രീ മാനേജര്‍മാരുടെ എണ്ണമാകട്ടെ 2130 ആയി തുടരുകയാണ്. 17 ലക്ഷം പ്രവാസി തൊഴിലാളികളില്‍ 2.2 ശതമാനമാണ് മാനേജര്‍ തസ്തികയില്‍ തൊഴിലെടുക്കുന്നത്. നിലവില്‍ രാജ്യത്തുള്ള പ്രവാസികളില്‍ ഭൂരിപക്ഷവും നിര്‍മാണ കമ്പനികളടക്കമുള്ള അടിസ്ഥാന മേഖലകളിലാണ് തൊഴിലെടുക്കുന്നത്. ശാസ്ത്ര, സാങ്കേതിക മേഖലകള്‍ അടക്കമുള്ളവയില്‍ പണിയെടുക്കുന്നവരുടെ എണ്ണമാകട്ടെ 78000മാണ്. 210,000 സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ പതിനായിരം പേരാണ് അഡ്മിനിസ്ട്രേഷന്‍, ബിസിനസ് രംഗങ്ങളില്‍ തലപ്പത്തുള്ളവര്‍. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് സ്വകാര്യ മേഖലയിലെ ഒമാനികളുടെ എണ്ണത്തില്‍ 454 പേരുടെ വര്‍ധനവുണ്ടായതായും ദേശീയ സ്ഥിതി വിവര മന്ത്രാലത്തിന്റെ കണക്കുകള്‍ പറയുന്നു.

TAGS :

Next Story