എണ്ണ ഉല്‍പാദനത്തില്‍ ഒപെക് നയത്തിനൊപ്പമെന്ന് യുഎഇ

- Published:
2 Jun 2018 9:30 AM IST

എണ്ണ ഉല്‍പാദനത്തില്‍ ഒപെക് നയത്തിനൊപ്പമെന്ന് യുഎഇ
ഉൽപാദനത്തിൽ വരുത്തിയ കുറവ് എണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നതായാണ് യുഎഇ വിലയിരുത്തൽ.
ആഗോളതലത്തിൽ എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാൻ രൂപപ്പെടുത്തിയ കരാറിൽ പ്രതിബദ്ധതയോടെ തുടരുമെന്ന് യുഎഇ . ഊർജ വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്റൂഇയാണ് ഇക്കാര്യം അറിയിച്ചത്. ഉൽപാദനത്തിൽ വരുത്തിയ കുറവ് എണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നതായാണ് യുഎഇ വിലയിരുത്തൽ.
ഉൽപാദനം കുറക്കാനുള്ള കരാറിനോട് ഒപെക് അംഗ രാജ്യങ്ങളും ഒപെകേതര രാജ്യങ്ങളും അനുകൂലമായാണ് പ്രതികരിച്ചത്. ലക്ഷ്യം നേടുന്നതിൽ ഈ നീക്കം ഏറെ ഗുണം ചെയ്യുന്നതായാണ് യുഎഇ വിലയിരുത്തൽ. സാമ്പത്തിക സഹകരണ വികസന സംഘടന രാജ്യങ്ങളിൽ 2017 തുടക്കം മുതൽ ക്രൂഡ് ഓയിൽ ശേഖരം 22 കോടി ബാരൽ കണ്ട് കുറക്കാൻ സാധിച്ചു. 2016ന് പിറകിലുള്ള അഞ്ച് വർഷം കുറച്ച ബാരലുകളുടെ ശരാശരിയെക്കാൾ കൂടുതലാണിതെന്ന് യുഎഇ ഈർജ മന്ത്രാലയം വ്യക്തമാക്കി.
നവംബർ 30ന് നടന്ന ഒപെക് മന്ത്രിതല യോഗത്തിൽ മൊത്തം പ്രതിദിന ഉൽപാദനം 18 ലക്ഷം ബാരൽ കുറക്കാനുള്ള സഹകരണ പ്രഖ്യാപനം ചരിത്രത്തിലെ ആദ്യത്തേതായിരുന്നുവെന്നും ഒപെക് സമ്മേളന പ്രസിഡൻറ് കൂടിയായ യുഎഇ മന്ത്രി അഭിപ്രായപ്പെട്ടു. 2017ൽ ഒപെക് ചെയർമാനായിരുന്ന സൗദി ഈർജ വ്യവസായ മന്ത്രി ഖാലിദ് അൽ ഫാലിഹ് ഇക്കാര്യത്തിൽ നടത്തിയ പ്രയത്നങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരം പ്രയത്നങ്ങൾ വിപണിയിൽ എണ്ണവില സ്ഥിരത കൈവരിക്കുന്നതിന് ഏറെ സഹായിച്ചു. ഒപെക് അംഗങ്ങളും അല്ലാത്തവരും കഴിഞ്ഞ വർഷമുണ്ടാക്കിയ സഹകരണത്തിന്‍റെ ഫലമായുണ്ടായ നേട്ടങ്ങളെ അടിസ്ഥാനമാക്കി ഭാവിയിൽ കൂടുതൽ നവീനമായ ലക്ഷ്യങ്ങൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നതായും കൂട്ടിച്ചേർത്തു.
Adjust Story Font
16
