ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലിന് ദോഹയില്‍ തുടക്കമായി

ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലിന് ദോഹയില്‍ തുടക്കമായി
ആസ്പയര്‍ സോണിലെ ടോര്‍ച്ച് ടവറിന് സമാന്തരമായി വാനില്‍ പാറിക്കളിക്കുന്ന കൂറ്റന്‍ വര്‍ണ്ണപ്പട്ടങ്ങള്‍ മനോഹരമായ കാഴ്ചയാണ്
വാനില്‍ വര്‍ണ്ണക്കാഴ്ചകളൊരുക്കിയ രണ്ടാമത് ആസ്പയര്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലിന് ദോഹയില്‍ തുടക്കമായി .23 രാജ്യങ്ങളില്‍ നിന്നായി 103 പട്ടം പറത്തലുകാര്‍ പങ്കെടുക്കുന്ന മേള ഇന്ന് സമാപിക്കും . ആസ്പയര്‍സോണില്‍ രാവിലെയും വൈകുന്നേരവുമായാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
ആസ്പയര്‍ സോണിലെ ടോര്‍ച്ച് ടവറിന് സമാന്തരമായി വാനില്‍ പാറിക്കളിക്കുന്ന കൂറ്റന്‍ വര്‍ണ്ണപ്പട്ടങ്ങള്‍ മനോഹരമായ കാഴ്ചയാണ് . രാജ്യാന്തര പട്ടം പറത്തല്‍ വിദഗ്ദരോടൊപ്പം ഖത്തറില്‍ നിന്നുള്ള ടീമുള്‍പ്പെടെ 103 പേരാണ് രണ്ടാമത് ആസ്പയര്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ മത്സരാര്‍ത്ഥികളും കാഴ്ചക്കാരും ഇത്തവണത്തെ മേളയിലെത്തിയതായി സംഘാടകര്‍ പറഞ്ഞു .
കാലത്ത് കുട്ടികള്‍ക്കായി പരിശീലന പരിപാടികളും വൈകിട്ട് പട്ടംപറത്തല്‍ വിദഗ്ദരുടെ പ്രകടനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത് . മേളയോടനുബന്ധിച്ച സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരത്തിലും കുട്ടികള്‍ക്കായുള്ള മത്സരങ്ങളിലും വന്‍തുകയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിവിധ രാജ്യക്കാരായ സന്ദര്‍ശകര്‍ കുടുംബങ്ങളായെത്തുന്ന വൈകുന്നേരങ്ങളില്‍ ആസ്പയര്‍ സോണില്‍ ആഘോഷ നിറവാണ് .
Adjust Story Font
16

