എണ്ണ വില ഉയരുന്ന പ്രവണത ഇന്ത്യൻ രൂപക്ക് വീണ്ടും തിരിച്ചടിയാകും

എണ്ണ വില ഉയരുന്ന പ്രവണത ഇന്ത്യൻ രൂപക്ക് വീണ്ടും തിരിച്ചടിയാകും
യു.എ.ഇ ദിർഹം ഉൾപ്പെടെ ഗൾഫ് കറൻസികൾക്ക് മികച്ച മൂല്യമാണ് പ്രവാസികൾക്ക് ഇപ്പോൾ ലഭിക്കുന്നത്
ആഗോള വിപണിയിൽ എണ്ണ വില ഉയരുന്ന പ്രവണത ഇന്ത്യൻ രൂപക്ക് വീണ്ടും തിരിച്ചടിയാകും. യു.എ.ഇ ദിർഹം ഉൾപ്പെടെ ഗൾഫ് കറൻസികൾക്ക് മികച്ച മൂല്യമാണ് പ്രവാസികൾക്ക് ഇപ്പോൾ ലഭിക്കുന്നത്. കുറച്ചു കാലം കൂടി ഈ സാഹചര്യം തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ.
എണ്ണ വിപണിയിൽ രൂപപ്പെട്ട ഉണർവും നിരക്കുവർധനയുമാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവിന് കാരണമായത്. പ്രധാന എണ്ണ ഇറക്കുമതി രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ സമ്പദ് ഘടന തന്നെ ഉലക്കാൻ പോന്നതാണ് പെട്രോളിയം വിലവർധന. ബാരലിന് 80 മുതൽ 100 ഡോളർ വരെ വില ഉയർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്ന ആശങ്കയും രൂപപ്പെട്ടിരിക്കുന്നത്. ഡോളറിന് 66. 74 എന്നതാണ് രൂപയുമായുള്ള വിനിമയ മൂല്യം. ഗൾഫ് കറൻസികളിലും ഇതു പ്രകടമാണ്. ഒരു ദിർഹത്തിന് 18 രൂപ 16 പൈസ എന്നതാണ് പുതിയ നിരക്ക്. എണ്ണവില ഉയരുകയും ഇന്ത്യയിൽ റിസർവ് ബാങ്ക് പുതിയ നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തില്ലെങ്കിൽ രൂപ വീണ്ടും കൂപ്പുകുത്താനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.
ഗൾഫിലെ പണവിനിമയ സ്ഥാപനങ്ങളിൽ നല്ല തിരക്കാണുള്ളത്. മാസാവസാനം ആയതോടെ കൂടുതൽ വിനിമയ മൂല്യം പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് പ്രവാസികൾ. എന്നാൽ നാട്ടിൽ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അവിടെ ചെലവേറും എന്നതിനാൽ പ്രവാസികൾക്ക് വിനിമയ മൂല്യം കൊണ്ട് കൂടുതൽ മെച്ചം ഉണ്ടാകാൻ ഇടയില്ല. എണ്ണവില വർധന തുടർന്നാൽ ഇന്ത്യയിൽ പണപ്പെരുപ്പവും രൂക്ഷമാകുന്ന സാഹചര്യമാകും ഉണ്ടാവുക.
Adjust Story Font
16

