റിയാദിന് പിന്നാലെ ജിദ്ദയിലും തിയറ്ററുകള്‍ തുറക്കുന്നു
ആദ്യ മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്റര്‍ ഡിസംബറിലാണ് ജിദ്ദയില്‍ തുറക്കുക

സൌദി തലസ്ഥാനമായ റിയാദിന് പിന്നാലെ ജിദ്ദയിലും തിയറ്ററുകള്‍ തുറക്കുന്നു. ആദ്യ മള്‍ട്ടിപ്ലക്സ് സിനിമാ തിയറ്റര്‍ ഡിസംബറിലാണ് ജിദ്ദയില്‍ തുറക്കുക. ആദ്യ ഘട്ടത്തില്‍ 12 സ്ക്രീനുകള്‍ വോക്സ് സിനിമാസ് തുറക്കും. ഇതിനായി യു.എ.ഇ ആസ്ഥാനമായുള്ള മാജിദ് അല്‍ ഫുത്തെയിം ഗ്രൂപ്പുമായി വോക്സ് കരാര്‍ ഒപ്പുവെച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഐമാക്സ് സ്ക്രീനിലാണ് ജിദ്ദയിലെ ആദ്യ മള്‍ട്ടി പ്ലക്സ് സിനിമാ തിയറ്റര്‍ റെഡ് സീ മാളില്‍ ഒരുങ്ങുന്നത്. മൂന്ന് ഗോള്‍ഡ് ബൈ റോഡ്സ് ഉള്‍പ്പെടെ 12 സ്ക്രീനുകള്‍ ഈ വര്‍ഷം ജിദ്ദയില്‍ പ്രവര്‍ത്തനസജ്ജമാകും. ഗോള്‍ഡ് ബൈ റോഡ്സ് എന്ന നൂതന ഡൈനിംഗ് സംവിധാനമുള്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ സംരംഭമാണ് ഇത്. വാള്‍-ടു-വാള്‍ ഹൈ ഡെഫിനിഷന്‍ സ്ക്രീനില്‍ ഡിജിറ്റല്‍ സറൗണ്ട് സിസ്റ്റത്തില്‍ സിനിമ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ആവശ്യമുള്ള ഭക്ഷണവിഭവങ്ങള്‍ പ്രേക്ഷകരുടെ സീറ്റുകളിലെത്തും. കുട്ടികള്‍ക്ക് കുടുംബ-സൗഹൃദ സാഹചര്യങ്ങളിലായികൊണ്ട് തന്നെ ഏറ്റവും പുതിയ ആനിമേഷനുകളും സാഹസിക ചിത്രങ്ങളും കാണാന്‍ കഴിയും.
രണ്ട് ബില്ല്യണ്‍ റിയാലിന്റെ നിക്ഷേപത്തിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 600 സ്ക്രീനുകള്‍ രാജ്യത്തുടനീളം കൊണ്ട് വരാനാണ് വോക്സ് സിനിമാസ് ലക്ഷ്യം വെക്കുന്നത് . കഴിഞ്ഞ ഏപ്രിലില്‍ റിയാദിലായിരുന്നു രാജ്യത്തെ ആദ്യ സിനിമാ തിയറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ വീണ്ടും തിയറ്റര്‍ തുടങ്ങാന്‍ കഴിഞ്ഞ ഡിസംബറിലാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചത്. വരും മാസങ്ങളില്‍ കൂടുതല്‍ ആവേശകരമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് വോക്സ് സിനിമാസ് സി.ഇ.ഒ കാമറോൺ മിച്ചൽ പറഞ്ഞു.
Adjust Story Font
16

