ജിദ്ദയില്‍ പിഞ്ചുകുഞ്ഞിനെ അടിച്ച് കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ തലകീഴായി പിടിച്ച് ഭിത്തിയിലടിക്കുകയായിരുന്നു

ജിദ്ദയിൽ പിഞ്ചുകുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു പിതാവ് ആത്മഹത്യ ചെയ്തു. നഴ്‌സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയുടെ ഭർത്താവും ഏഴ് മാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു പ്രവാസി സമൂഹത്തെ ഞെട്ടിച്ച ദാരുണ സംഭവം. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയുടെ ഭർത്താവ് ശ്രീജിത്ത് ഇവരുടെ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. ഇവർ താമസിക്കുന്ന സുലൈമാനിയയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു സംഭവം.

ശ്രീജിത്തും ഭാര്യയും തമ്മിലുണ്ടായ കുടുംബ വഴക്കിനെ തുടർന്ന് ശ്രീജിത്ത് കുഞ്ഞിനെ തലകീഴായി പിടിച്ച് മൂന്ന് തവണ ഭിത്തിയിലടിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഭാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേസമയം തന്നെ ശ്രീജിത്ത് ഫ്ളാറ്റിലെ ഫാനിൽ തൂങ്ങി മരിക്കുകയും ചെയ്തു. കുഞ്ഞിന്റെയും ഭർത്താവിന്റെയും മരണമറിഞ്ഞു ബോധരഹിതയായ ഭാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

മൂന്ന് മാസം മുമ്പാണ് ഭർത്താവ് ശ്രീജിത്തിനെയും കുഞ്ഞിനേയും ഭാര്യ വിസിറ്റിംഗ് വിസയിൽ സൗദിയിലെത്തിച്ചിരുന്നത്. ഇവർ തമ്മിലുള്ള വഴക്കിനെത്തുടർന്ന് ഞായറാഴ്ച നാട്ടിലേക്ക് പോവാനിരിക്കെയാണ് പ്രവാസി സമൂഹത്തെ ഞെട്ടിച്ച ദാരുണ സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

