Quantcast

ഇസ്രായേല്‍ കുടിയേറ്റത്തിന് പിന്തുണ; അമേരിക്കക്കെതിരെ അറബ് രാജ്യങ്ങളുടെ പ്രതിഷേധം

40 വർഷമായി തുടരുന്ന നിലപാടിൽ നിന്നുള്ള വ്യതിയാനമാണ് ട്രംപ് ഭരണകൂടം ഇപ്പോൾ കൈെക്കാണ്ടിരിക്കുന്നതും.

MediaOne Logo

Web Desk

  • Published:

    20 Nov 2019 1:19 AM IST

ഇസ്രായേല്‍ കുടിയേറ്റത്തിന് പിന്തുണ; അമേരിക്കക്കെതിരെ അറബ് രാജ്യങ്ങളുടെ പ്രതിഷേധം
X

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശ നടപടിയെ പിന്തുണച്ച അമേരിക്കയുടെ നടപടിക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം. ഫലസ്തീൻ സമൂഹത്തിൻെറ ജീവിക്കാനുള്ള അവകാശം പോലും ഹനിക്കുന്നതാണ് നടപടിയെന്ന് അറബ് ലീഗ് നേതൃത്വം കുറ്റപ്പെടുത്തി. വിഷയത്തിൽ അന്തർദേശീയ സമൂഹത്തിൻെറ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഫലസ്തീൻ സമൂഹവും ആവശ്യപ്പെട്ടു.

വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റം നടത്തി കെട്ടിടങ്ങൾ നിർമ്മിച്ച ഇസ്രായേൽ നടപടി നിയമവിരുദ്ധമായി കാണാനാവില്ലെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയത്. അധിനിവിഷ്ട പ്രദേശത്ത് താമസസമുച്ചയം പണിയാനുള്ള ഇസ്രായേലിന്‍റെ അവകാശത്തെ തള്ളിക്കളയാനാവില്ലെന്നും സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ഇസ്രായേലിൻെറ നിയമവിരുദ്ധ നടപടിക്ക് ആധികാരികത പകരുകയാണ് പ്രസ്താവനയിലൂടെ അമേരിക്ക. അതുകൊണ്ടു തന്നെ നിലപാടിനെ ഇസ്രായേൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തു.

എന്നാൽ അമേരിക്കയുടെ നിലപാടിനെ അറബ് ലീഗും ഫലസ്തീൻ സർക്കാറും തള്ളി. വിവാദ പ്രസ്താവന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് കുറ്റപ്പെടുത്തി. സമാധാനത്തിനും നീതിക്കുമേറ്റ കനത്ത തിരിച്ചടിയാണ് അമേരിക്കൻ നടപടിയെന്ന് പി.എൽ.ഒ നേതാവും ഫലസ്തീൻ കൂടിയാലോചകയുമായ ഹനാൻ അഷ്റവി പ്രതികരിച്ചു.

സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളും ആശങ്കയോടെയാണ് അമേരിക്കൻ നിലപാടുമാറ്റത്തെ നോക്കി കാണുന്നത്. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ അധിനിവേശം ജനീവ കരാറിന്‍റെ ലംഘനമായാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രായേൽ നടത്തിയ അധിനിവേശത്തെ അമേരിക്ക ഇതുവരെയും പിന്തുണച്ചിരുന്നില്ല. 40 വർഷമായി തുടരുന്ന നിലപാടിൽ നിന്നുള്ള വ്യതിയാനമാണ് ട്രംപ് ഭരണകൂടം ഇപ്പോൾ കൈെക്കാണ്ടിരിക്കുന്നതും.

TAGS :

Next Story