കപ്പലുകളുടെ ശ്മശാനമായ, രാത്രിയായാല്‍ പേടിപ്പെടുത്തുന്ന ജിദ്ദയിലെ ശുഐബ ബീച്ച്
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ ബീച്ചു വഴി കടന്നു പോയ മൂന്നു കപ്പലുകളെയാണ് ഇവിടുത്തെ പവിഴപ്പുറ്റുകള്‍ കുടുക്കിയത്

കപ്പലുകളുടെ ശ്മശാനമായ ഒരു ബീച്ചുണ്ട് സൌദി അറേബ്യയിലെ ജിദ്ദയില്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ ബീച്ചു വഴി കടന്നു പോയ മൂന്നു കപ്പലുകളെയാണ് ഇവിടുത്തെ പവിഴപ്പുറ്റുകള്‍ കുടുക്കിയത്. രാത്രിയായാല്‍ പേടിപ്പെടുത്തുന്ന ശുഐബ ബീച്ചിന് ഒരു ചരിത്രം കൂടിയുണ്ട്.
ജിദ്ദയില്‍ നിന്നും ജീസാന്‍ ഹൈവേയില്‍ ഏതാണ്ട് എഴുപത് കി.മീ സഞ്ചരിച്ചാല്‍ ഇവിടേക്കെത്താം. ആളനക്കം അധികമില്ലാത്ത ഒറ്റപ്പെട്ട തീരം. അവിടെ ചെരിഞ്ഞു നില്ക്കുന്ന രണ്ട് കപ്പലുകള്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തിന് ശേഷം ഖലീഫയായ ഉസ്മാന്‍ ഇബ്നു അഫ്ഫാന്‍റെ കാലത്ത് നിര്‍മിച്ച തുറമുഖത്തിന്‍റെ ഭാഗമാണിത്. തകര്‍ന്ന കപ്പലുകളില്‍ ഏറ്റവും വലുത് 1966ല്‍ ഹോളണ്ട് നിര്‍മിച്ച റോ പാക്സാണ്.
ജിദ്ദയിലേക്കുള്ള കവാടമായ ശുഐബയില്‍ വെച്ച് 1993ല്‍ കപ്പലിനെ പവിഴപ്പുറ്റുകള്‍ ചതിച്ചു. ഇതാദ്യത്തേതല്ല. പ്രവാചക ഭരണകാലത്ത് തന്നെ പവിഴപ്പുറ്റുകളില്‍ തട്ടി കടലിലേക്കാഴ്ന്നു പോയ കപ്പലിനെ ജര്‍മന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ 2015ല്‍ ഇവിടെ കണ്ടെടുത്തിരുന്നു. കടലിന്‍റെ തീരങ്ങളിലും പവിഴപ്പുറ്റുകളുടെ അടയാളങ്ങളുണ്ട്. വൈകുന്നേരമായാല്‍ മനോഹരമാണ് ഈ തീരം.
റോഡില്‍ നിന്നും അല്‍പം തെറ്റിയാണ് ഈ തീരം. അതിനാല്‍ തന്നെ രാത്രിയായാല്‍ ചീറിയടുക്കുന്ന തിരമാലകളില്‍ കാണുന്ന കപ്പല്‍ ഭീതിപ്പെടുത്തും. സഞ്ചാരികളുടെ പട്ടികയിലെ പ്രിയപ്പെട്ട ഇടമായി തീരുകയാണ് ഇന്ന് കപ്പല്‍ കെണിയുള്ള ഈ തീരം.
Adjust Story Font
16

