Quantcast

ജമാൽ ഖശോ​ഗി വധക്കേസിൽ വധശിക്ഷ റദ്ദാക്കി

റിയാദ് ക്രമിനല്‍ കോടതിയാണ് കേസില്‍ അന്തിമ വിധി പ്രഖ്യാപിച്ചത്

MediaOne Logo

  • Published:

    7 Sept 2020 8:45 PM IST

ജമാൽ ഖശോ​ഗി വധക്കേസിൽ വധശിക്ഷ റദ്ദാക്കി
X

സൌദി മാധ്യമ പ്രവര്‍ത്തകന്‍‌ ജമാല്‍ ഖശോഗ്ജി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കി. ഖശോഗിയുടെ കുടുംബം പ്രതികള്‍ക്ക് മാപ്പു നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ തടവു ശിക്ഷയായി ലഘൂകരിച്ചത്. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് അന്തിമ വിധി.

ജമാല്‍ ഖശോഗി കേസില്‍ നേരത്തെ റിയാദ് ക്രിമിനല്‍ കോടതി വധശിക്ഷ പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേര്‍ക്കായിരുന്നു വധശിക്ഷ വിധിച്ചത്. കൃത്യം മറച്ചു വെച്ച മൂന്ന് പേര്‍ക്ക് തടവു ശിക്ഷയും വിധിച്ചു, മൂന്ന് പേരെ വിട്ടയക്കുകയും ചെയ്തിരുന്നു. ഈ വിധിയാണ് അപ്പീലിലിനെ തുടര്‍ന്ന് കോടതി മാറ്റിയത്. പ്രതികള്‍ക്ക് ജമാല്‍ ഖശോഗിയുടെ കുടുംബം നേരത്തെ മാപ്പു നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ലഘൂകരിച്ചത്.

പുതിയ വിധി പ്രകാരം അഞ്ചു പേര്‍ക്ക് 20 വര്‍ഷം തടവാണ് ശിക്ഷ. ഒരാള്‍ക്ക് പത്തു വര്‍ഷവും രണ്ട് പേര്‍ക്ക് ഏഴ് വര്‍ഷവുമാണ് തടവ്. സൌദി ഭരണാധികാരികളുടെ വിമര്‍ശകനായ ജമാല്‍ ഖശോഗ്ജിയെ 2018 ഒക്ടോബറിലാണ് തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വെച്ച് കൊന്നത്. സൌദിയിലേക്ക് കൊണ്ടു വരാനുള്ള ശ്രമം ഖശോഗി പ്രതിരോധിച്ചതോടെയായിരുന്നു കൊലപാതകം.

ശരീര ഭാഗങ്ങള്‍ നുറുക്കി നശിപ്പിച്ചതിനാല്‍ ജമാല്‍ ഖശോഗിയുടെ മൃതദേഹം ഇതു വരെ കണ്ടെത്താനായിട്ടില്ല. പ്രതികള്‍ എല്ലാ തയ്യാറെടുപ്പും നടത്തിയാണ് കൃത്യത്തിന് എത്തിയതെന്ന് അന്വേഷണത്തില്‍ യുഎന്‍ സംഘം പറഞ്ഞിരുന്നു വിഷയം അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനത്തിന് ഇടയാക്കി. കിരീടാവകാശിയുടെ നിര്‍ദേശ പ്രകാരമായിരുന്നു കൊലപാതകമെന്ന ആരോപണം സൌദി അറേബ്യ നിഷേധിച്ചിരുന്നു.

TAGS :

Next Story