സമ്പൂര്‍ണ വേതന സുരക്ഷാനിയമം അടുത്ത മാസം; രണ്ടാംഘട്ട വിവരശേഖരണം ആരംഭിച്ച് സൌദി
പൂര്‍ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്‍റെ മുന്നോടിയായാണ് മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നത്

സൗദിയില്‍ വേതന സുരക്ഷയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരശേഖരണത്തിന്‍റെ രണ്ടാംഘട്ടത്തിന് മന്ത്രാലയം തുടക്കം കുറിച്ചു. പൂര്‍ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്‍റെ മുന്നോടിയായാണ് മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നത്. മന്ത്രാലയം ഏര്‍പ്പെടുത്തിയ വെബ് പോര്‍ട്ടല്‍ വഴിയാണ് വിവരശേഖരണം നടത്തുന്നത്.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് രണ്ടാംഘട്ട വിവരശേഖരണത്തിന് തുടക്കമിട്ടത്. ഇന്നലെ മുതലാണ് അടുത്ത ഘട്ടത്തിലേക്കുള്ള വിവരശേഖരണം ആരംഭിച്ചത്. പുതുതായി ഏര്‍പ്പെടുത്തിയ മുദദ് പോര്‍ട്ടല്‍ വഴിയാണ് ജീവനക്കാരുടെ വിവരങ്ങള്‍ ക്രോഡീകരിക്കുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ച ഡാറ്റയാണ് ഇത് വഴി ശേഖരിക്കുക. മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഉപ വകുപ്പുകളുടെയും മറ്റു മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടതുമായ വിവരങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ക്രോഡീകരിക്കുകയാണ് ലക്ഷ്യം.
നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യുന്നതിന് സ്ഥാപനം സ്വീകരിച്ചിട്ടുള്ള രീതി. ഭാവിയില്‍ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നടപ്പിലാക്കാന്‍ പോകുന്ന പ്ലാന്‍ എന്നിവ മന്ത്രാലയത്തെ ധരിപ്പിക്കണം. ഡിസംബറില്‍ നടപ്പിലാകാന്‍ പോകുന്ന സമ്പൂര്‍ണ്ണ വേതന സുരക്ഷാ നിയമത്തിന്‍റെ മുന്നോടിയായാണ് മന്ത്രാലയം ക്രമീകരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ വഴി ശമ്പളം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഇതിന്‍റെ മുന്നോടിയായി ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം നേരത്തെ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്‍റെ ഭാഗമായാണ് കൃത്യസമയത്തുള്ള വേതനം ഉറപ്പ് വരുത്തല്‍. ഇതില്‍ കൃത്യവിലോപം വരുത്തുന്ന സ്ഥാപനങ്ങള്‍ പിടികൂടുന്നതിനും തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിനും ബാങ്ക് രേഖകള്‍ തെളിവായി ഉപയോഗിക്കും. മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് മുദദ് പോര്‍ട്ടല്‍ വഴി സ്ഥാപനങ്ങള്‍ വിവരങ്ങള്‍ കൈമാറുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

