Quantcast

സൗദിക്ക് നേരെ ഹൂത്തികളുടെ ആക്രമണ ശ്രമം: പ്രതിരോധിച്ചതായി അറബ് സഖ്യ സേന

ഡ്രോണുകളും റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകളും ഉപയോഗിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്.

MediaOne Logo

  • Published:

    14 Nov 2020 8:46 AM IST

സൗദിക്ക് നേരെ ഹൂത്തികളുടെ ആക്രമണ ശ്രമം: പ്രതിരോധിച്ചതായി അറബ് സഖ്യ സേന
X

സൗദിക്ക് നേരെ യമനിലെ ഹൂത്തികള്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ അറബ് സഖ്യസേന പരാജയപ്പെടുത്തി. ഡ്രോണുകളും റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകളും ഉപയോഗിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. ബോട്ടുകള്‍ക്കെതിരെ സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തില്‍ ജിസാനിലെ പെട്രോളിയം വിതരണ നിലയത്തിന് തീപിടിച്ചു. ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ഹൂത്തികളുടെ ഭാഗത്ത് നിന്നും സൗദിക്ക് നേരെ വീണ്ടും ആക്രമണമുണ്ടായത്. ഒരേ സമയം കരയിലൂടെയും കടലിലൂടെയുമാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. സൗദിയിലെ സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂത്തികള്‍ വിക്ഷേപിച്ച അഞ്ച് ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. സ്‌ഫോടക ശേഖരവുമായി എത്തിയ ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അതിര്‍ത്തിയില്‍ വെച്ച് വെടിവെച്ചിടുകയാണ് ഉണ്ടായത്.

അതേ സമയം മറ്റൊരു സംഭവത്തില്‍ വന്‍ സ്‌ഫോടക ശേഖരവുമായി എത്തിയ രണ്ട് ബോട്ടുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണ ശ്രമവും സുരക്ഷാ സേന വിഫലമാക്കി. ജിസാനിലെ എണ്ണ നിലയത്തിന് സമീപത്ത് വെച്ചാണ് ആക്രമണ ശ്രമം പരാജയപ്പെടുത്തിയത്. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിനിടയിലൽ നിലയത്തിലെ എണ്ണ വിതരണ പൈപ്പുകള്‍ക്ക് തീപിടിച്ചു. അഗ്നിശമന സേനാ വിഭാഗങ്ങളുടെ സംയോജിത ഇടപെടലിനെ തുടര്‍ന്ന് തീയണച്ചു. ജിസാനിലെ എണ്ണ നിലയങ്ങളെ ലക്ഷ്യമാക്കി യമനിലെ അല്‍ഹുദൈദയില്‍ നിന്നുമാണ് ബോട്ടുകള്‍ എത്തിയത്. റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്താനായിരുന്നു ഭീകരരുടെ ശ്രമമെന്ന് സുരക്ഷാ വിഭാഗം വിശദീകരിച്ചു. ഇരു ആക്രമണങ്ങളിലും ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

TAGS :

Next Story