Quantcast

ഇസ്രയേൽ ഫലസ്തീൻ ജനതയെ കോൺസെൻട്രേഷൻ ക്യാംപിലാക്കുന്നു; തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരൻ

ഇസ്രായേല്‍ വിദേശകാര്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഫലസ്തീനെതിരായ ക്രൂരതകളെ അതിരൂക്ഷമായി വിമർശിച്ച് സൗദിയിലെ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരൻ

MediaOne Logo

  • Published:

    8 Dec 2020 7:35 AM IST

ഇസ്രയേൽ ഫലസ്തീൻ ജനതയെ കോൺസെൻട്രേഷൻ ക്യാംപിലാക്കുന്നു; തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരൻ
X

ഇസ്രായേല്‍ വിദേശകാര്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഫലസ്തീനെതിരായ ക്രൂരതകളെ അതിരൂക്ഷമായി വിമർശിച്ച് സൗദിയിലെ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരൻ. സ്ത്രീകളും കുഞ്ഞുങ്ങളും അവരുടെ തടവറയിൽ നീതി ലഭിക്കാതെ മരിച്ചു വീഴുകയാണ്. ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രായേലെന്ന കൊളോണിയൽ രാജ്യവുമായി ബന്ധം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഫൈസൽ രാജാവിന്റെ മകനും സൗദിയുടെ മുൻ സുരക്ഷാ മേധാവിയും സൽമാൻ രാജാവിന്റെ അടുപ്പക്കാരനുമാണ് രാജകുമാരൻ.

ബഹ്റൈനിൽ നടന്ന ഓൺലൈൻ യോഗത്തിൽ ഇസ്രയേൽ വിദേശ കാര്യ മന്ത്രി ഗബി അഷ്‌ക്കനാസിയുടെ സാന്നിധ്യത്തിലായിരുന്നു തുർക്കി അൽ ഫൈസൽ രാജകുമാരന്റെ അതിരൂക്ഷമായ വാക്കുകൾ. നിസ്സാരമായ സുരക്ഷാ ആരോപണങ്ങള്‍ ഉന്നയിച്ച് ഫലസ്തീനികളെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലാക്കുകയാണ് ഇസ്രയേൽ. നീതിയുടെ തരിമ്പു പോലുമില്ലാതെ മരിച്ചൊടുങ്ങുന്നുകയാണവർ. അവിടെയുള്ള വീടുകള്‍ തോന്നിയ പോലെ പൊളിച്ചുമാറ്റുകയും തോന്നുന്നവരെയെല്ലാം കൊന്നൊടുക്കുകയും ചെയ്യുന്നു. ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രം യാഥാര്‍ഥ്യമാവാതെ ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ സാധ്യമല്ല. മിഡിലീസ്റ്റിലെ അവസാന കൊളോണിയല്‍ രാജ്യമാണ് ഇസ്രായേല്‍. ഫലസ്തീനെ പങ്കെടുപ്പിക്കാതെയുള്ള ഒരു സമാധാനവും ശാശ്വതമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച ബഹ്റൈൻ യുഎഇ രാജ്യങ്ങളും യോഗത്തിലുണ്ടായിരുന്നു. സൗദി ഭരണത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല ഫൈസൽ രാജാവിന്റെ മകനായ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരൻ. എന്നാൽ സൗദിയുടെ മുൻ സുരക്ഷാ മേധാവി, റോയൽ കോർട്ട് ഉപദേഷ്ടാവ്, യുഎസ്,യുകെ എന്നീ രാജ്യങ്ങളിലേക്കുള്ള സൗദിയുടെ മുൻ അംബാസിഡർ എന്നുള്ള നിലക്കും സൽമാൻ രാജാവിന്റെ ഇഷ്ടക്കാരൻ എന്ന നിലക്കും പ്രസിദ്ധനാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രിയും സഹമന്ത്രിയും ഇസ്രയേൽ ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രയേലിനെ അടുപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

TAGS :

Next Story