Quantcast

സൗദിയിൽ പരിസ്ഥിതി പോലീസിന്റെ പരിശോധന; വിറകുകൾ കടത്താൻ ശ്രമിച്ച ഇന്ത്യക്കാരടക്കം 69 പേർ അറസ്റ്റിൽ

രാജ്യത്ത് മരങ്ങൾ മുറിക്കുന്നതും വിൽക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്.

MediaOne Logo

  • Published:

    9 Dec 2020 8:26 AM IST

സൗദിയിൽ പരിസ്ഥിതി പോലീസിന്റെ പരിശോധന; വിറകുകൾ കടത്താൻ ശ്രമിച്ച ഇന്ത്യക്കാരടക്കം 69 പേർ അറസ്റ്റിൽ
X

മരുഭൂമിൽ നിന്നും ശേഖരിച്ച വിറകുകൾ വിൽക്കാൻ ശ്രമിച്ച ഇന്ത്യക്കാരടക്കം 69 പേരെ സൗദിയിൽ അറസ്റ്റ് ചെയ്തു. പരിസ്ഥിതി നിയമം കർശനമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. വിറക് ലോഡുകള്‍ വഹിച്ച 188 വാഹനങ്ങളും പിടിച്ചെടുത്തു. രാജ്യത്ത് മരങ്ങൾ മുറിക്കുന്നതും വിൽക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്.

തണുപ്പു കാലമായതോടെയാണ് തീ കായാനുള്ള വിറക് വിൽപന സജീവമായത്. രാജ്യത്ത് പരിഷ്കരിച്ച പരിസ്ഥിതി നിയമം പ്രകാരം മരങ്ങൾ മുറിക്കുന്നതും വിറകു കടത്തുന്നതും കുറ്റകരമാണ്. മരങ്ങൾ രാജ്യത്തുടനീളം വെച്ചുപിടിപ്പിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. ഇതിനിടയിലാണ് പരിസ്ഥിതി സുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസം ആറ് ഇന്ത്യക്കാരടക്കം 32 വിദേശികളാണ് അറസ്റ്റിലായത്. 37 സ്വദേശികളേയും അറസ്റ്റ് ചെയ്തു.

റിയാദ്, മക്ക, മദീന, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, വടക്കൻ മേഖല, തബൂക്ക് എന്നീ മേഖലയിലാണ് നിയമലംഘനം കണ്ടെത്തിയത്. പുതിയ നിയമ പ്രകാരം വിറകു കടത്തിന് ഏറ്റവും കുറഞ്ഞ പിഴ പതിനായിരം റിയാലാണ്. മരം വെട്ടിയതായി കണ്ടെത്തിയാൽ അമ്പതിനായിരം വരെ പിഴ ലഭിക്കും. പാർക്കുകളിലും തുറന്ന പ്രദേശങ്ങളിലുമുള്ള മരം നശിപ്പിച്ചാലും സമാനമാണ് ശിക്ഷ. തീ കായാൻ നിലത്ത് നേരിട്ട് തീയിടുന്നതും വിലക്കിയിട്ടുണ്ട്.

TAGS :

Next Story