ജി.സി.സി ഉച്ചകോടി അടുത്ത മാസം റിയാദിലെന്ന് സൂചന; ഖത്തർ അമീറും പങ്കെടുത്തേക്കും
മൂന്നര വർഷത്തിലേറെയായി തുടരുന്ന ഖത്തർ പ്രശ്നത്തിന് ആസന്നമായ ജി.സി.സി ഉച്ചകോടിയോടെ പരിഹാരം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ നാൽപത്തൊന്നാം ഉച്ചകോടിക്ക് സൗദി വേദിയാകുമെന്ന് റിപ്പോർട്ട്. ജനുവരി അഞ്ചിനാകും ഉച്ചകോടി ചേരുകയെന്നും കുവൈത്ത് പത്രമായ 'അൽ റായ' വ്യക്തമാക്കി. എന്നാൽ ഇതുസംബന്ധിച്ച് ജിസി.സിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മൂന്നര വർഷത്തിലേറെയായി തുടരുന്ന ഖത്തർ പ്രശ്നത്തിന് ആസന്നമായ ജി.സി.സി ഉച്ചകോടിയോടെ പരിഹാരം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഖത്തറും ചതുർ രാജ്യങ്ങളുമായി ഇതിനകം അനുരഞ്ജന കരാർ സംബന്ധിച്ച ധാരണ രൂപപ്പെട്ടതായാണ് സൂചന. കുവൈത്തും അമേരിക്കയും മുൻകൈയെടുത്താണ് പ്രശ്നപരിഹാരം. ആറ് ഗൾഫ് രാജ്യങ്ങളുടെയും പ്രധാന നേതാക്കൾ ഉച്ചകോടിയിൽ നേരിട്ടു പെങ്കടുക്കും എന്നാണ് വിവരം.
മേഖലയിൽ ഇറാൻ ഉയർത്തുന്ന ഭീഷണിയും ജി.സി.സി ഉച്ചകോടിയുടെ അജണ്ടയിൽ ഇടം പിടിക്കും. ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറായി അധികാരം ഏൽക്കുന്നതോടെ ഇറാനുമായി രൂപപ്പെടാൻ സാധ്യതയുള്ള ചർച്ചകളിൽ തങ്ങൾക്കും ഇടം ലഭിക്കണമെന്ന ആവശ്യം ജി.സി.സി ഉന്നയിച്ചേക്കും. ആണവ, ബാലിസ്റ്റിക് പദ്ധതികളുമായി ഇറാൻ മുന്നോട്ടു പോകുന്നത് ഗൾഫ് സുരക്ഷക്ക് വൻ ഭീഷണിയാണെന്ന നിലപാടിലാണ് മിക്ക ഗൾഫ് രാജ്യങ്ങളും. കോവിഡ് പ്രതിരോധം, സംയുക്ത പദ്ധതികൾ എന്നിവയും ഉച്ചകോടി ചർച്ച ചെയ്യും. ഇന്ത്യയുമായുള്ള സൈനിക സഹകരണം വിപുലപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഉച്ചകോടിയുടെ പരിഗണനയിൽ വരുമെന്നാണ് സൂചന.
Adjust Story Font
16

