സൗദിയില്‍ സ്വദേശി വല്‍ക്കരണത്തില്‍ വര്‍ധനവ് തുടരുന്നു; മൂന്ന് മാസത്തിനിടെ മുക്കാല്‍ ലക്ഷം തൊഴില്‍
ഈ കാലയളവില്‍ വിദേശി അനുപാതം നാല് ശതമാനം വരെ കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.

സൗദിയില്‍ സ്വകാര്യ മേഖലയില്‍ വിവിധ പദ്ധതികള്‍ മുഖേന നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണത്തില്‍ ഗണ്യമായ പുരോഗതി രേഖപ്പെടുത്തിയതായി കണക്കുകള്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ പ്രതിദിനം ശരാശരി ആയിരത്തിലധികം സ്വദേശികള്‍ക്ക് ജോലി ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ കാലയളവില്‍ വിദേശി അനുപാതം നാല് ശതമാനം വരെ കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സ്വദേശി അനുപാതം ഗണ്യമായി വര്‍ധിച്ചത് വ്യക്തമാക്കുന്നത്. ഗോസിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 71000 സ്വദേശികള്‍ തൊഴില്‍ നേടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇത് പ്രതിദിനം ശരാശരി 1075 സൗദി യുവതി യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചതായാണ് വ്യക്തമാക്കുന്നതെന്ന് ഗോസി അതികൃതര്‍ അറിയിച്ചു. ഇതോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുടെ എണ്ണം 4.86 ശതമാനമായി വര്‍ധിച്ചു.
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും തുടര്‍ച്ചയായാണ് സ്വദേശി അനുപാതത്തില്‍ വര്‍ധനവ് തുടരന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവും രേഖപ്പെടുത്തി. ഗോസി രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ 3.6 ശതമാനത്തിന്റെ കുറവാണ് വിദേശി അനുപാതത്തില്‍ രേഖപ്പെടുത്തിയത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് വിദേശികള്‍ സ്വദേശങ്ങളിലേക്ക് കൂട്ടമായി മടങ്ങിയതാണ് കുറവിന് കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്. പുതിയ കണക്കുകള്‍ പ്രകാരം 17.59 ലക്ഷം ജീവനക്കാരാണ് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ 21.5 ശതമാനം സ്വദേശികളും 78.5 ശതമാനം പേര്‍ വിദേശികളുമാണ്. നിര്‍മ്മാണ മേഖലയിലാണ് വിദേശികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത്. സ്വദേശികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത് ചില്ലറ മൊത്ത വ്യാപാര മേഖലയിലും വാഹന സ്പയര്‍ പാര്‍ട്‌സ് മേഖലയിലുമാണ്.
Adjust Story Font
16

