Quantcast

പ്രാണവായുവിനായി പിടഞ്ഞ് ഇന്ത്യ; ചേർത്തു നിർത്തി അറബ് രാജ്യങ്ങൾ

സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ രാഷ്ട്രങ്ങളെല്ലാം പ്രതിസന്ധിയിൽ ഇന്ത്യയ്‌ക്കൊപ്പം നിന്നു

MediaOne Logo

Web Desk

  • Published:

    27 April 2021 6:28 AM GMT

പ്രാണവായുവിനായി പിടഞ്ഞ് ഇന്ത്യ; ചേർത്തു നിർത്തി അറബ് രാജ്യങ്ങൾ
X

ന്യൂഡൽഹി: കോവിഡിന്റ രണ്ടാം തരംഗത്തിൽ കടുത്ത ഓക്‌സിജൻ ക്ഷാമം മൂലം പ്രതിസന്ധിയിലായ ഇന്ത്യയെ ചേർത്തുപിടിച്ച് അറബ് രാജ്യങ്ങൾ. ഗൾഫ് കോർപറേഷൻ കൗൺസിലിലെ മിക്കവാറും എല്ലാ രാഷ്ട്രങ്ങളും തുടക്കം മുതൽ തന്നെ ഇന്ത്യയുടെ സഹായത്തിനെത്തി. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ രാഷ്ട്രങ്ങളെല്ലാം പ്രതിസന്ധിയിൽ ഇന്ത്യയ്‌ക്കൊപ്പം നിന്നു. ടൺ കണക്കിന് ലിക്വിഡ് ഓക്‌സിജനാണ് രാഷ്ട്രങ്ങൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചത്.

സൗദിയിൽനിന്ന് 80 മെട്രിക് ടൺ ഓക്‌സിജൻ

എൺപത് മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും അടങ്ങുന്ന കണ്ടൈയ്നറുകളുമാണ് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തുനിന്ന് ഇവ കയറ്റിയയക്കുന്ന ടാങ്കറുകളുടെ ചിത്രങ്ങൾ സൗദി എംബസി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദാനി ഗ്രൂപ്പുമായി സഹകരിച്ചാണ് ആദ്യഘട്ട സഹായം അടിയന്തരമായി ഇന്ത്യയിലേക്ക് അയച്ചത്.

ഇതിനുപുറമേ എംഎസ് ലിൻഡെ ഗ്രൂപ്പിന്റെ സഹായത്തോടെ 5,000 മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ സിലിണ്ടറുകൾ കൂടി ഉടൻ കയറ്റിയയക്കുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. മഹാമാരിക്കാലത്ത് മെഡിക്കൽ ഓക്‌സിജൻ ക്ഷാമം നേരിട്ട രാജ്യത്തിന് സഹായവും പിന്തുണയും നൽകിയ സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു. സൗദിയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ച് വരുന്നതിനിടെയാണ് ഇന്ത്യക്ക് അടിയന്തര മെഡിക്കൽ സഹായം ഉറപ്പുവരുത്തുന്നതിന് സൗദി തയാറാകുന്നത്.

ഓക്‌സിജൻ കണ്ടെയ്‌നറുമായി യുഎഇ

തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യയിൽനിന്നെത്തിയ വിമാനത്തിൽ യുഎഇ ക്രയോജനിക് ഓക്സിജൻ ടാങ്കുകൾ അയച്ചത്. ഇക്കാര്യം യുഎഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ സ്ഥിരീകരിച്ചു. എയർഫോഴ്സിന്റെ സി 17 വിമാനത്തിലാണ് ഓക്സിജൻ കണ്ടെയ്നറുകൾ അയച്ചത്.

യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി ഫോണിൽ വിളിച്ച് സംസാരിച്ച് പിന്തുണ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഓക്സിജൻ കണ്ടെയ്നർ അയക്കാനുള്ള വിമാനം ഇന്ത്യയിൽനിന്ന് ദുബൈയിലെത്തിയത്. യുഎഇയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.


ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇയിലെ സ്ഥാപനങ്ങൾ ഞായറാഴ്ച ദേശീയപതാകയുടെ നിറമണിഞ്ഞിരുന്നു. ബുർജ് ഖലീഫയും ഐക്യദാർഢ്യത്തിൽ വിളക്കണിഞ്ഞു. പ്രളയകാലത്തും ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎഇ സഹായം എത്തിച്ചിരുന്നു.

ടാങ്ക് അയച്ചാൽ ഓക്‌സിജൻ റെഡിയെന്ന് ഖത്തർ

ക്രയോജനിക് ടാങ്ക് അയച്ചാൽ ഓക്‌സിജൻ എത്തിക്കാൻ തയ്യാറാണ് എന്ന് ഖത്തർ അറിയിച്ചിട്ടുണ്ട്. ദേശീയ പെട്രോളിയം കമ്പനിയായ ഖത്തർ പെട്രോളിയത്തിന്റെ അനുബന്ധ കമ്പനി ഗസാൽ ക്യു എസ് സി ആണ് സന്നദ്ധത പ്രകടിപ്പിച്ചത്. ഒരു ദിവസം 60 മെട്രിക് ടൺ നൽകാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്.

ക്രയോജനിക് സ്റ്റോറേജ് വെസലുകൾ ഇന്ത്യ എത്തിച്ചാൽ 20,000 ലിറ്റർ തോതിൽ 60,000 ലിറ്റർ ദ്രവീകൃത ഓക്സിജൻ ഒരുദിവസം തന്നെ കപ്പൽ മാർഗം കയറ്റി അയക്കാമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. വിമാന മാർഗം ടാങ്കുകൾ മൂന്നര മണിക്കൂറിനുള്ളിൽ ഖത്തറിലെത്തിക്കാൻ കഴിയും. ഖത്തർ പെട്രോളിയം, എയർ ലിക്വിഡ്, ഖത്തർ ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായി 2006ലാണ് ഗസാൽ ക്യു എസ് സി സ്ഥാപിതമായത്.

സിലിണ്ടറുകൾ അയയ്ക്കാൻ കുവൈത്തും

പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഓക്‌സിജൻ സിലിണ്ടറുകളും മറ്റു സഹായങ്ങളും അയയ്ക്കാൻ കുവൈത്ത് തീരുമാനിച്ചത്. ഇന്ത്യയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കുവൈത്ത് വ്യക്തമാക്കി.



അടിയന്തര സഹായം വാഗ്ദാനം ചെയ്ത് ബഹ്‌റൈൻ

ഇന്ത്യയ്ക്ക് ഓക്‌സിജനും മറ്റു മെഡിക്കൽ ഉപകരണങ്ങളും നൽകുമെന്ന് ബഹ്‌റൈനും വ്യക്തമാക്കി. പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബഹ്‌റൈന്റെ തീരുമാനം. കോവിഡിൽ മരിച്ചവർക്ക് മന്ത്രിസഭ അനുശോചനവും രേഖപ്പെടുത്തി.

അറബ് രാജ്യങ്ങൾക്ക് പുറമേ, ചൈന, സിംഗപൂർ, റഷ്യ, പാകിസ്താൻ, യു.കെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി, യുഎസ്, ആസ്‌ട്രേലിയ, സിംഗപൂര്‍, ഡെന്മാര്‍ക്ക്, ഹോങ്കോങ്, ഇറാന്‍, കനഡ, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാഷ്രങ്ങളും ഇന്ത്യയ്ക്ക് സഹായവുമായി എത്തിയിട്ടുണ്ട്.

TAGS :

Next Story