ഖത്തറിലെ ദേശീയ ഇസ്‍ലാമിക് മ്യൂസിയം പുതുക്കിപ്പണിയും
മ്യൂസിയം പുതുക്കിപ്പണിയുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍

ഖത്തറിലെ പ്രസിദ്ധമായ ദേശീയ ഇസ്‍ലാമിക് മ്യൂസിയത്തിന്‍റെ മുഖച്ഛായ മാറ്റുന്നു. മ്യൂസിയം പുതുക്കിപ്പണിയുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഖത്തറിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രവും രാജ്യത്തിന്‍റെ ഐകോണിക് ചിഹ്നങ്ങളിലൊന്നുമായ ദേശീയ ഇസ്‍ലാമിക് മ്യൂസിയമാണ് മുഖം മിനുക്കുന്നത്. സാമൂഹ്യ, കായിക സംഭാവന ഫണ്ടുമായി സഹകരിച്ചാണ് ഖത്തര്‍ മ്യൂസിയംസ് പദ്ധതി നടപ്പാക്കുന്നത്. ദോഹയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ഇതിന്‍റെ പ്രഖ്യാപനം നടന്നു. ഖത്തര്‍ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന്‍റെ മേല്‍നോട്ടത്തില്‍ നടത്തുന്ന നവീകരണ പദ്ധതിക്കായി മൂന്ന് കമ്പനികളുമായി കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.
മ്യൂസിയത്തിനകത്തെ ഗാലറി, ഇന്‍റീരിയര്‍ ഭാഗങ്ങള്‍ തുടങ്ങിയവ പുതുമോടിയിലേക്ക് മാറും. സ്ഥിരം പ്രദര്‍ശന ഹാള്‍, രണ്ട് താല്‍ക്കാലിക പ്രദര്‍ശന ഹാളുകള്‍, സ്വകാര്യ എക്സിബിഷന്‍ ഹാള്‍, പഠന മുറി, ഗിഫ്റ്റ് ഷോപ്പ് തുടങ്ങിയവ പുതുതായി സജ്ജീകരിക്കും. മ്യൂസിയത്തിലെത്തുന്നവര്‍ക്ക് ലോകോത്തരവും വ്യത്യസ്തവുമായി കാഴ്ചാ അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തര്‍ മ്യൂസിയംസ് ഭാരവാഹികള്‍ പറഞ്ഞു.
ഇസ്‍ലാമിക ചരിത്രം, ഇസ്‍ലാമിക സംസ്കാരം, കല, ഖത്തര്‍ ചരിത്രം മനുഷ്യ ചരിത്രം എന്നീ മേഖലകളിലായി മൂന്ന് വന്‍കരകളില്‍ നിന്നുള്ള 1400 വര്‍ഷം വരെ പഴക്കമുള്ള അപൂര്‍വമായ ശേഖരങ്ങളും കാഴ്ചകളുമാണ് മ്യൂസിയത്തിലുള്ളത്. 2008ല്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ കാലത്താണ് മ്യൂസിയത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്.
Adjust Story Font
16

