സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കാന്‍ വേതന സഹായ പദ്ധതിയുമായി സൗദി
വ്യവസായ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ അമ്പത് ശതമാനം സഹായമായി നൽകുന്നതാണ് പദ്ധതി.

സൗദിയിൽ സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി വേതന സഹായ പദ്ധതി ആരംഭിച്ചു. വ്യവസായ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ അമ്പത് ശതമാനം സഹായമായി നൽകുന്നതാണ് പദ്ധതി. സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
മാനവ വിഭവശേഷി വികസന ഫണ്ടിന് കീഴിലെ ഹദഫ്, സാങ്കേതിക-തൊഴിൽ പരിശീലന കോർപ്പറേഷൻ, സൗദി ചേംബർ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫാക്ടറികൾക്ക് പ്രോത്സാഹനവും, പിന്തുണയും നൽകികൊണ്ട് തൊഴിലുകളിൽ സ്വദേശികളെ നിയമിക്കുകയാണ് ലക്ഷ്യം. പദ്ധതിയിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങളിലേക്ക് സ്വദേശി തൊഴിലാളികളെ ആകർഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മാനവവിഭവശേഷി സാമൂഹിക വികസനമന്ത്രാലയവും, വ്യവസായ ധാതു വിഭവ മന്ത്രാലയവും അറിയിച്ചു. ഹദഫിൽ നിന്നുള്ള സഹായവും, സാങ്കേതിക-തൊഴിൽ പരിശീലന കോർപ്പറേഷനിൽ നിന്നുള്ള തൊഴിൽ പരിശീലനവും ജോലിതേടുന്ന യുവതീ യുവാക്കൾക്ക് സഹായകമാകും.
ജോലിയിൽ തുടർച്ച ഉറപ്പ് വരുത്താനും, ഉൽപാദനക്ഷമതയും, ബിസിനസ് നിലവാരവും ഉയർത്താനും പദ്ധതിയിലൂടെ സാധിക്കുമെന്ന് ഇരു മന്ത്രാലയങ്ങളും വ്യക്തമാക്കി. സ്വദേശികൾക്ക് പരിശീലനം നൽകി യോഗ്യരാക്കി, ജോലി നൽകുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് വേതനത്തിന്റെ 50 ശതമാനവും സഹായമായി ലഭിക്കും. പരമാവധി 3000 റിയാല് വരെയാണ് ഇവ്വിധം നൽകുക. 8,000 റിയാലിൽ കുറവ് വേതനമുള്ള സ്ത്രീകൾക്ക് യാത്രാ അലവൻസും സഹായമായി നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.
Watch Video Report:
Adjust Story Font
16

