അറബ് കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപ്പന ദോഹയിൽ തുടങ്ങി

ദോഹ എക്‌സിബിഷൻ സെന്റർ ഡിഇസിയിലാണ് വിശാലമായ ടിക്കറ്റ് കൗണ്ടർ ഒരുക്കിയിരിക്കുന്നത്. 25 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. വിവിധ റൗണ്ടുകൾക്കനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം വരും. ടിക്കറ്റിനൊപ്പം ഫാൻ ഐഡി കൂടിയെടുത്താൽ മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കൂ.

MediaOne Logo

Web Desk

  • Updated:

    2021-11-11 17:58:36.0

Published:

11 Nov 2021 5:58 PM GMT

അറബ് കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപ്പന ദോഹയിൽ തുടങ്ങി
X

അറബ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ അറബ് കപ്പ് ഫുട്‌ബോളിന്റെ നേരിട്ടുള്ള ടിക്കറ്റ് വിൽപ്പന ദോഹയിൽ തുടങ്ങി. ദോഹ എക്‌സിബിഷൻ സെന്ററിലാണ് ടിക്കറ്റ് കൗണ്ടറും ഒപ്പം ഫാൻ ഐഡി സ്വന്തമാക്കുന്നതിനുള്ള സൗകര്യവും സജ്ജീകരിച്ചിരിക്കുന്നത്. 2022 ലോകകപ്പിന്റെ മുന്നൊരുക്കമെന്ന രീതിയിൽ ഫിഫയും ഖത്തറും ചേർന്നൊരുക്കുന്ന അറബ് കപ്പ് ഫുട്‌ബോളിന് ഈ മാസം നവംബർ 30 മുതലാണ് തുടക്കമാകുന്നത്. ഡിസംബർ 18 വരെ നടക്കുന്ന ടൂർണമെന്റിൽ അറബ് ആഫ്രിക്കൻ മേഖലകളിൽ നിന്നുള്ള 23 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ലോകകപ്പിനായി ഖത്തർ പണി കഴിപ്പിച്ച അൽ ബെയ്ത്ത്, റാസ് ബൂ അബൗദ് തുടങ്ങിയ സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം കൂടിയാണ് അറബ് കപ്പിനോടനുബന്ധിച്ച് നടക്കുന്നത്. ടൂർണമെന്റിനുള്ള ടിക്കറ്റ് വിൽപ്പന ഓൺലൈൻ വഴി നേരത്തെ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ടുള്ള ടിക്കറ്റ് വിൽപ്പനയും തുടങ്ങിയിരിക്കുന്നത്.

ദോഹ എക്‌സിബിഷൻ സെന്റർ ഡിഇസിയിലാണ് വിശാലമായ ടിക്കറ്റ് കൗണ്ടർ ഒരുക്കിയിരിക്കുന്നത്. 25 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. വിവിധ റൗണ്ടുകൾക്കനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം വരും. ടിക്കറ്റിനൊപ്പം ഫാൻ ഐഡി കൂടിയെടുത്താൽ മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കൂ. ഫാൻ ഐഡിക്കായി രജിസ്റ്റർ ചെയ്യുന്നതിനും ഒപ്പം കൈപറ്റുന്നതിനുമായുള്ള വിശാലമായ സൗകര്യവും ദോഹ എക്‌സിബിഷൻ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ഓരോ കാണിയുടെയും ടിക്കറ്റ്, താമസക്കാരനാണെങ്കിൽ ഐഡി, സന്ദർശകരാണെങ്കിൽ പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങി രേഖകളാണ് ഫാൻ ഐഡിക്കായി ഹാജരാക്കേണ്ടത്. ഫാൻ ഐഡി രജിസ്റ്റർ ചെയ്യുന്നതിനായി ഇലക്ട്രോണിക് മെഷീനുകളും സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ഇന്ന് മുതൽ രജിസ്ട്രഷൻ ആരംഭിച്ചെങ്കിലും നവംബർ 15 മുതലായിരിക്കും ഐഡി വിതരണം ഉണ്ടാവുക.

രജിസ്‌ട്രേഷനൊപ്പം തന്നെ ഐഡി പ്രിൻറ് ചെയ്ത് വാങ്ങിക്കാവുന്ന സൗകര്യം നവംബർ 15 മുതൽ ആരംഭിക്കും. രാവിലെ പത്ത് മണി മുതൽ രാത്രി പത്ത് മണിവരെയാണ് കൗണ്ടറുകൾ പ്രവർത്തിക്കുക. ദോഹ മെട്രോ റെഡ് ലൈനിൽ അൽ ഖസ്സാർ സ്റ്റേഷനിലിറങ്ങിയാൽ എളുപ്പത്തിൽ സെന്ററിലെത്താം. അൽ ഖസ്സാർ സ്റ്റേഷന്റെ പ്രവേശന ഭാഗത്ത് തന്നെ സെന്ററിലേക്ക് വഴി കാണിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ദോഹ എക്‌സിബിഷൻ സെന്ററിന് പുറമെ കൂടുതൽ മേഖലകളിൽ നേരിട്ടുള്ള ടിക്കറ്റ് വിൽപ്പന കൗണ്ടറുകൾ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നും സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓൺലൈൻ വഴിയുള്ള ടിക്കറ്റ് വിൽപ്പനയിൽ ഇതിനകം അമ്പത് ശതമാനത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായും സമിതി അംഗങ്ങൾ കൂട്ടിച്ചേർത്തു.


TAGS :

Next Story