ബഹ്റൈനിൽ പ്രവാസികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ പുതിയ സമിതി വേണമെന്ന് നിർദേശം
മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിലുള്ള എംപിമാരാണ് നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചത്

മനാമ: ബഹ്റൈനിലെ പ്രവാസി തൊഴിലാളികളുടെ സർട്ടിഫിക്കറ്റുകളുടേയും മറ്റും ആധികാരികത പരിശോധിക്കാൻ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാൻ ആലോചന. പ്രവാസി തൊഴിലാളികളുടെ അക്കാദമിക്, പ്രൊഫഷണൽ യോഗ്യതകൾ ജോലിക്ക് കയറും മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്താനാണ് ഈ നീക്കം. മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിലുള്ള എംപിമാരാണ് നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചത്. ഈ നിർദേശം അവലോകനത്തിനായി സ്പീക്കർ സേവനകാര്യ സമിതിയുടെ പരിഗണനയ്ക്കായി വിട്ടിട്ടുണ്ട്.
ബഹ്‌റൈന്റെ തൊഴിൽ വിപണിയുടെ സുതാര്യത സംരക്ഷിക്കുന്നതിനും പൊതു-സ്വകാര്യ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ബഹ്‌റൈനിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുന്നുണ്ടെന്ന് പാർലമെന്റംഗങ്ങൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അവരുടെ സർട്ടിഫിക്കറ്റുകളടക്കമുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വ്യാജമല്ലെന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതാണെന്നും ഉറപ്പുവരുത്തിവേണം ജോലി നൽകാൻ എന്നും അവർ ആവശ്യപ്പെട്ടു. വിദേശ തൊഴിലാളികൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനല്ല ഈ നിർദേശമെന്നും നിയമിക്കപ്പെടുന്ന ഓരോ തൊഴിലാളിയും ഏറ്റെടുക്കുന്ന ജോലിക്ക് യോഗ്യരാണെന്ന് ഉറപ്പാക്കി ബഹ്‌റൈനിലെ തൊഴിൽ വിപണിയെ സംരക്ഷിക്കുന്നതിനാണെന്നും ജനാഹി വ്യക്തമാക്കി. അടുത്തിടെ വ്യാജ സർട്ടിഫിക്കറ്റുമായി വിദേശ തൊഴിലാളികളെ പിടികൂടിയിരുന്നു ഇതിന്റെ പശ്ചത്തലത്തിൽ കൂടിയാണ് പുതിയ നീക്കം.
Adjust Story Font
16

