Quantcast

ബഹ്റൈനില്‍ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കും; നിർദേശത്തിന് അംഗീകാരം

നിർദേശം നടപ്പായാല്‍ വിസ പുതുക്കുന്നതോടൊപ്പം സി.പി.ആറും പുതുക്കേണ്ടിവരും

MediaOne Logo

Web Desk

  • Published:

    18 Jan 2024 8:42 AM GMT

MPs approve proposal to link expatriates CPR cards with residence visas in Bahrain
X

മനാമ: ബഹ്റൈനില്‍ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിന് എം.പിമാരുടെ അംഗീകാരം. ജലാൽ ഖാദിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. 2006ലെ ഐഡന്റിറ്റി കാർഡ് നിയമത്തിലാണ് എം.പിമാർ ഭേദഗതികൾ ആവശ്യപ്പെട്ടത്. ഈ നിർദേശം എം.പിമാർ ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. നിർദേശം നടപ്പായാല്‍ വിസ പുതുക്കുന്നതോടൊപ്പം സി.പി.ആറും പുതുക്കേണ്ടിവരും. ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റും നിർദേശത്തിന് അനുകൂലമാണ്.

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) വർക്ക് പെർമിറ്റുകൾ റദ്ദാക്കുമ്പോഴെല്ലാം സി.പി.ആർ റദ്ദാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. താമസവിസയില്ലാത്തവരും ആരോഗ്യം, ബാങ്ക് മറ്റ് സേവനങ്ങൾ എന്നിവ സി.പി.ആർ ഉപയോഗിച്ച് സ്വീകരിക്കുന്നുണ്ട്. അനധികൃത താമസക്കാരെ ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് തടയാൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റും സൂചിപ്പിച്ചു. പുതിയ ഭേദഗതി മനുഷ്യാവകാശ ലംഘനമാകില്ലെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സും അറിയിച്ചു.

പക്ഷേ ആരോഗ്യം പോലുള്ള അടിയന്തര സേവനങ്ങൾ ഇങ്ങനെയുള്ളവർക്ക് നിഷേധിക്കപ്പെടുമെന്നതിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ളവർ അവരുടെ കരാർ വ്യവസ്ഥകൾ ലംഘിച്ച് ജോലിസ്ഥലം വിട്ടാൽ അവരുടെ ഇൻഡമ്നിറ്റിയുടെ ഒരു ഭാഗം നഷ്ടപ്പെടുമെന്ന വ്യവസ്ഥ സംബന്ധിച്ച പുതിയ ഭേദഗതി കഴിഞ്ഞദിവസം എം.പിമാർ അംഗീകരിച്ചിരുന്നു. റൺ എവേ കുറയ്ക്കാൻ ഇത് സഹായകമാകുമെന്നാണ് എം.പിമാരുടെ വിലയിരുത്തൽ.

എന്നാൽ, ഈ നീക്കം ഭരണഘടനാവിരുദ്ധവും വിവേചനപരവുമാകുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ബോർഡ് ചെയർമാൻ കൂടിയായ തൊഴിൽമന്ത്രി ജമീൽ ഹുമൈദാൻ മുന്നറിയിപ്പ് നൽകി. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്റും ബഹ്‌റൈൻ ചേംബർ ബോർഡ് അംഗവുമായ അഹമ്മദ് അൽ സലൂമിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് 2012ലെ സ്വകാര്യമേഖലയിലെ തൊഴിൽ നിയമത്തിലെ ഭേദഗതികൾ സമർപ്പിച്ചത്.

Summary: MPs approve proposal to link expatriates' CPR cards with residence visas in Bahrain

TAGS :

Next Story