Quantcast

സ്‌പെക്ട്ര ആർട്ട് കാർണിവലിൽ വൻ പങ്കാളിത്തം

MediaOne Logo

Web Desk

  • Published:

    11 Dec 2022 11:37 AM GMT

സ്‌പെക്ട്ര ആർട്ട് കാർണിവലിൽ വൻ പങ്കാളിത്തം
X

ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ഫേബർ കാസ്റ്റൽ സ്‌പെക്ട്ര-2022 ആർട്ട് കാർണിവലിൽ വൻ പങ്കാളിത്തം. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ആർട്ട് കാർണിവൽ ബഹ്റൈനിലെ വിദ്യാർഥികൾക്കുള്ള ഏറ്റവും വലിയ കലാമത്സരമാണ്.

ഇന്ത്യൻ സ്‌കൂൾ ഈസ ടൗൺ കാമ്പസിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ഉദ്ഘാടനം ചെയ്തു. സ്‌പെക്ട്രയുടെ രണ്ടാമത് അന്താരാഷ്ട്ര മത്സരം ഞായറാഴ്ച വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും.

ഉദ്ഘാടന ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ അഡ്വ. വി.കെ തോമസ്, ഉപദേഷ്ടാക്കളായ അരുൾദാസ് തോമസ്, ഭഗവാൻ അസർപോട്ട, സ്‌പെക്ട്ര കൺവീനർ അനീഷ് ശ്രീധരൻ, ഫേബർ കാസ്റ്റൽ കൺട്രി ഹെഡ് സഞ്ജയ് ബാൻ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, പ്രിൻസിപ്പൽ പളനിസ്വാമി, സ്‌പെക്ട്ര ജോ. കൺവീനർമാരായ നിതിൻ ജേക്കബ്, മുരളീകൃഷ്ണൻ, ഐ.സി.ആർ.എഫ് ജോ. സെക്രട്ടറി നിഷ രംഗരാജൻ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോ. ട്രഷറർ രാകേഷ് ശർമ, ഇന്റർനാഷനൽ കോഡിനേറ്റർമാരായ യു.കെ മേനോൻ, ജോൺ ഫിലിപ് എന്നിവർ പങ്കെടുത്തു.

ബഹ്റൈനിലെ 25ഓളം സ്‌കൂളുകളിൽനിന്നായി 1,200 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്. വിജയികളുടെ രചനകൾ 2023ലെ വാൾ കലണ്ടറുകളിലും ഡെസ്‌ക്-ടോപ് കലണ്ടറുകളിലും ഉൾപ്പെടുത്തും.

ബഹ്‌റൈനിൽ മരണമടയുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള കുടുംബക്ഷേമ നിധിയിലേക്കാണ് മത്സരത്തിൽനിന്നുള്ള വരുമാനം നീക്കിവെക്കുന്നത്. പദ്ധതി പ്രകാരം, പ്രതിമാസം 125 ദീനാറിൽ താഴെ വേതനമുള്ളവരുടെ ആശ്രിതർക്ക് കുടുംബക്ഷേമ നിധിയിൽനിന്ന് ലക്ഷം രൂപ ധനസഹായം നൽകും.

Next Story