Quantcast

സഹപ്രവർത്തകനെ വാഹനം കയറ്റിയിറക്കി കൊന്നു; ബഹ്‌റൈനിൽ ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

കൊല്ലപ്പെട്ടയാളും ഇന്ത്യക്കാരൻ, വാഹനം തടഞ്ഞുനിർത്തി പുറത്തിറക്കിയാണ്​ ക്രൂരകൃത്യം നടത്തിയത്​

MediaOne Logo

Gulf Desk

  • Published:

    13 Oct 2026 10:39 AM IST

സഹപ്രവർത്തകനെ വാഹനം കയറ്റിയിറക്കി കൊന്നു; ബഹ്‌റൈനിൽ ഇന്ത്യൻ പ്രവാസി അറസ്റ്റിൽ
X

മനാമ: സഹപ്രവർത്തകന്‍റെ വാഹനം തടഞ്ഞുനിർത്തി പുറത്തിറക്കിയ ശേഷം വാഹനം ​കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യക്കാരനായ പ്രവാസി ബഹ്​റൈനിൽ അറസ്​റ്റിൽ. 33കാരനായ ഇന്ത്യക്കാരനാണ്​ കൊല്ലപ്പെട്ടത്​. 40 കാരനായ മറ്റൊരു ഇന്ത്യൻ പ്രവാസി അറസ്റ്റിലായതെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊലപാതകത്തിൽ പങ്കാളികളായ മറ്റ്​ ചിലരെയും അറസ്​റ്റ്​ ചെയ്തിട്ടുണ്ട്​. ഈ മാസം 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ വെച്ച്, ഇന്ത്യക്കാരനായ 33-കാരനെ കൊലപ്പെടുത്തിയെന്നാരോപിച്ച് 40-കാരനായ ഒരു പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായാണ് ആഭ്യന്തര മന്ത്രാലയം 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ വെളിപ്പെടുത്തിയത്.

ആസൂത്രിതമായി നടത്തിയ ഈ കുറ്റകൃത്യത്തിൽ, മറ്റുള്ളവരുടെ സഹായത്തോടെ ഇരയുടെ വാഹനം തടഞ്ഞുനിർത്തി അദ്ദേഹത്തെ പുറത്തിറക്കുകയും, തുടർന്ന് വാഹനം കയറ്റി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കുറ്റം. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി. തെളിവുകളും വിവരങ്ങളും ശേഖരിച്ചതിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പങ്കാളികളായ മറ്റ് ചിലരെയും അറസ്റ്റ് ചെയ്തതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പ്രതിക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കൊലപാതകത്തിന്‍റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.


Next Story