Quantcast

ജനകീയ ഉത്സവമായി ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ

MediaOne Logo

Web Desk

  • Published:

    27 Nov 2022 9:39 AM GMT

ജനകീയ ഉത്സവമായി ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ
X

മൂന്നു വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ സ്‌കൂൾ ഒരുക്കിയ മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും അഭൂതപൂർവമായ ജനപങ്കാളിത്തം. മൂന്നു ദിവസങ്ങളിലായി നടന്ന മേള ആസ്വദിക്കാൻ വൻജനസഞ്ചയം തന്നെ ഈസ ടൗൺ കാമ്പസിൽ എത്തിച്ചേർന്നു. ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയാണ് മെഗാഫെയറും ഫുഡ് ഫെസ്റ്റിവലും ഉദ്ഘാടനം ചെയ്തത്.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയരക്ടർ യൂസഫ് യാക്കൂബ് ലോറി, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ.എസ് പ്രേമലത, ബിനു മണ്ണിൽ വർഗീസ്, എം.എൻ രാജേഷ്, വി. അജയകൃഷ്ണൻ, മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, മെഗാഫെയർ ജനറൽ കൺവീനർ പി.കെ ഷാനവാസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. പ്രിൻസ് എസ്. നടരാജൻ അധ്യക്ഷത വഹിച്ചു. മെഗാ ഫെയർ വൻ വിജയമാക്കുന്നതിൽ പങ്കുവഹിച്ച അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, സംഘാടക സമിതി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, മറ്റു അഭ്യുദയകാംക്ഷികൾ എന്നിവർക്ക് പ്രിൻസ് നടരാജൻ നന്ദി പറഞ്ഞു.

ഇന്ത്യൻ സ്‌കൂൾ ഓരോ വർഷവും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആയിരത്തോളം വിദ്യാർഥികൾക്ക് ഫീസ് ഇളവ് നൽകുന്നുണ്ട്. ഈ ആവശ്യത്തിലേക്ക് ധനസമാഹരണാർഥം നടത്തുന്ന മെഗാ ഫെയറിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് പ്രിൻസ് നടരാജൻ പറഞ്ഞു.

ഇന്ത്യൻ സ്‌കൂളിന്റെ അക്കാദമിക മികവിനെയും ആസൂത്രണ പാടവത്തെയും അധ്യാപകരുടെ അർപ്പണബോധത്തെയും ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു. പ്രിൻസ് നടരാജൻ അംബാസഡർക്ക് ഉപഹാരം സമ്മാനിച്ചു.

തുടർന്ന് സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും സംഗീത പരിപാടി അവതരിപ്പിച്ചു. ലോക പര്യടനത്തിന്റെ ഭാഗമായി സൈക്കിളിൽ ലണ്ടനിലേക്ക് യാത്ര നടത്തുന്ന ഫയാസ് അഷ്റഫ് അലി മെഗാ ഫെയർ വേദിയിലെത്തി കാണികളെ അഭിവാദ്യം ചെയ്തു. പ്ലെഷർ റൈഡേഴ്സ് ബഹ്റൈൻ അംഗങ്ങളും ബൈക്കുകളുമായി വേദിയിലെത്തി മെഗാ ഫെയറിന് അഭിവാദ്യം അർപ്പിച്ചു. മേളയുടെ സമാപന ദിനമായ വെള്ളിയാഴ്ച ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറി.

കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ് ഡയരക്ടർ യൂസുഫ് യാക്കൂബ് ലോറി, വിദ്യാഭ്യാസ മന്ത്രാലയം റിസ്‌ക് അസൈൻമെന്റ് ആൻഡ് ലീഗൽ അഫയേഴ്സ് ഡയരക്ടർ റീം അൽ സാനെയി, സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എൻ.എസ് പ്രേമലത, അഡ്വ. ബിനു മണ്ണിൽ വർഗീസ്, എം.എൻ രാജേഷ്, വി. അജയകൃഷ്ണൻ, മുഹമ്മദ് ഖുർഷീദ് ആലം, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, ഫെയർ ജനറൽ കൺവീനർ പി.കെ ഷാനവാസ്, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ എന്നിവർ സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.

മെഗാഫെയർ സുവനീറിന്റെ പ്രകാശനം സുവനീർ എഡിറ്റർ ബിനോജ് മാത്യു, സ്റ്റാഫ് എഡിറ്റർ ഒ.പി. ശ്രീസദൻ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യാതിഥി നിർവഹിച്ചു. സ്‌കൂൾ അധ്യാപികമാരായ പ്രജീഷ ആനന്ദ്, സവിത രാജേഷ്, സുമി മേരി ജോർജ്, കെ.ടി. അമല എന്നിവർ അവതാരകരായിരുന്നു.

Next Story