ഐ.എസ്.എഫ് ബ്രദേഴ്സ് ട്രോഫി: മുഹറഖ് എഫ്.സി ജേതാക്കൾ
ഐ.എസ്.എഫ് ബ്രദേഴ്സ് ട്രോഫി: മുഹറഖ് എഫ്.സി ജേതാക്കൾ
ബഹ്റൈനിൽഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം മുഹറഖ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ബ്രദേഴ്സ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ മുഹറഖ് എഫ്.സി ജേതാക്കളായി. ബുസൈതീൻ അൽ സയ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഹൂറ എഫ്.സിയെ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മുഹറഖ് ബ്ലോക്ക് പ്രസിഡന്റ് ടി.എം.സി. മൊയ്തു അധ്യക്ഷത വഹിച്ചു.
സമാപന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ സ്പോർട്സ് കൺവീനർ കെ.എസ്. റഷീദ് ഉദ്ഘാടനം നിർവഹിച്ചു.ഐ.എസ്.എഫ് സെൻട്രൽ ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ്, ഒ.ഐ.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് ഫിറോസ് അറഫ, ഐ.എസ്.എഫ് സ്പോർട്സ് ക്ലബ് മാനേജർ നിയാസ്, സെൻട്രൽ കമ്മിറ്റി വെൽഫെയർ കോഓഡിനേറ്റർ യൂസഫ് അലി എന്നിവർ സംസാരിച്ചു.
ജേതാക്കൾക്കുള്ള വിന്നേഴ്സ് ട്രോഫി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോടിൽ നിന്ന് മുഹറഖ് എഫ്.സി ക്യാപ്റ്റൻ നബീൽ തിരുവള്ളൂരും റണ്ണേഴ്സ് ട്രോഫി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ജനറൽ സെക്രട്ടറി വി.കെ. മുഹമ്മദലിയിൽ നിന്ന് ഹൂറ എഫ്.സി ക്യാപ്റ്റൻ ലത്തീഫും ഏറ്റുവാങ്ങി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി നിയാദിനെയും (മുഹറഖ് എഫ്.സി) മികച്ച സ്റ്റോപ്പർ ബാക്കായി അൻസലിനെയും (ഹൂറ എഫ്.സി) തെരഞ്ഞെടുത്തു. ഐ.എസ്.എഫ് എഫ്.സി ക്യാപ്റ്റൻ നിയാസ് മത്സരം നിയന്ത്രിച്ചു. ടോപ് മാൻ മുസ്തഫ, അസീസ് അബ്ബാസ്, ജബ്ബാർ, തസീൽ, കരീം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബ്ലോക്ക് സെക്രട്ടറി ഫഹദ് കണ്ണപുരം സ്വാഗതവും ടൂർണമെന്റ് ചെയർമാൻ മുസ്തഫ തൃശൂർ നന്ദിയും പറഞ്ഞു.
Adjust Story Font
16