തോന്നുംപടി വേണ്ട പരസ്യം; ബഹ്റൈനിലെ പരസ്യനിയമത്തിൽ കർശന ഭേദഗതിക്ക് നിർദേശം
കരട് നിയമം ചൊവ്വാഴ്ച പാർലമെന്റിൽ ചർച്ച ചെയ്യുകയും വോട്ടെടുപ്പിനിടുകയും ചെയ്യും

മനാമ: ബഹ്റൈനിലെ പരസ്യ മേഖലയിൽ കർശന ഭേദഗതിക്ക് നിർദേശം. മാറ്റങ്ങൾ വരുത്താനായി സമർപ്പിച്ച നിർദേശം പാർലമെൻ്റിൻ്റെ പരിഗണനയിലാണ്. പരസ്യ രംഗത്ത് സർക്കാരിൻ്റെ മേൽനോട്ടം കാര്യക്ഷമമാക്കാനും നിയമ ലംഘനമുണ്ടായാൽ കടുത്ത ശിക്ഷ നൽകാനും ലക്ഷ്യമിട്ട ഭേദഗതികളോടെയുള്ള കരട് നിയമമാണ് പരിഗണനയിലുള്ളത്.
നിർദേശമനുസരിച്ച് രാജ്യത്ത് 1973 മുതൽ നിലവിലുള്ള പരസ്യ നിയമത്തിൽ അഞ്ച് പ്രധാന ആർട്ടിക്കിളുകളാണ് പരിഷ്കരിക്കുക. ഇതിലെ പ്രധാനപ്പെട്ട ആർട്ടിക്കിൾ 16 പ്രകാരം ലൈസൻസില്ലാതെ പരസ്യം ചെയ്യുക, ലൈസൻസ് വ്യവസ്ഥകൾ ലംഘിക്കുക, അനുമതികൾ നേടുന്നതിന് തെറ്റായ വിവരങ്ങൾ സമർപ്പിക്കുക, സർക്കാർ ഇൻസ്പെക്ടർമാരെ തടസ്സപ്പെടുത്തുക, രേഖകൾ തടഞ്ഞുവെക്കുക തുടങ്ങിയവ ചെയ്യുന്നവർക്ക് 1,000 ദീനാർ മുതൽ 20,000 ദീനാർ വരെ പിഴയും തടവുശിക്ഷയും ചുമത്താൻ സാധിക്കും.
ഭേദഗതിയിലൂടെ നിയമം ലംഘിച്ചവരുടെ ചെലവിൽ കുറ്റകരമായ പരസ്യങ്ങൽ നീക്കം ചെയ്യാനും സൈറ്റ് അതിന്റെ യഥാർഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാനും കോടതികൾക്ക് അധികാരം ലഭിക്കും. ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് ശിക്ഷകളുടെ കാഠിന്യം വർധിക്കും. ലൈസൻസുള്ള പരസ്യങ്ങൾക്ക് കേടുപാടുകൾ വരുത്തുകയോ വികൃതമാക്കുകയോ ചെയ്യുന്നതിനുള്ള പിഴ ആർട്ടിക്കിൾ 17 പ്രകാരം 50 ദീനാറിൽനിന്ന് 1,000 ദീനാർ വരെയും വർധിപ്പിച്ചു.
കരട് നിയമം ചൊവ്വാഴ്ച പാർലമെന്റിൽ ചർച്ച ചെയ്യുകയും വോട്ടെടുപ്പിനിടുകയും ചെയ്യും. പാസായാൽ, ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ അടുത്ത ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരും. പരസ്യ മേഖലയെ ദോഷകരമായ പ്രവണതകളിൽനിന്ന് സംരക്ഷിക്കുന്നതിനും കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ റെഗുലേറ്ററി സംവിധാനം ഉറപ്പാക്കുന്നതിനും ഈ നിയമം ഒരു പ്രധാന ചുവടുവെപ്പാണെന്ന് പാർലമെന്റ് പൊതു യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ ബലൂഷി പറഞ്ഞു.
Adjust Story Font
16

