'ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സമ്പൽസമൃദ്ധിയും വിഭജിക്കാനാവാത്തത്'
ജി.സി.സി ഉച്ചകോടിയിൽ ബഹ്‌റൈൻ രാജാവ്

മനാമ: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ സുരക്ഷയും പൊതു സമ്പൽസമൃദ്ധിയും കൈവരിക്കാൻ ഗൾഫ് സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എടുത്തുകാട്ടി. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സമ്പൽസമൃദ്ധിയും വിഭജിക്കാനാവാത്തതാണെന്ന് മനാമയിൽ നടക്കുന്ന 46-ാമത് ജിസിസി ഉച്ചകോടിയിൽ സംസാരിക്കവെ അദ്ദേഹം ആവർത്തിച്ചു. പ്രാദേശിക- അന്താരാഷ്ട്ര തലങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് ഗസ്സയിലെ സമാധാന പദ്ധതി പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും ബഹ്‌റൈൻ രാജാവ് ഊന്നിപ്പറഞ്ഞു.
ഉച്ചകോടിയിൽ സംസാരിച്ച ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ഫലസ്തീൻ വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുടെ നിലപാടുകൾ അടിയുറച്ചതാണെന്ന് ചൂണ്ടിക്കാട്ടി. ഫലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഖത്തറിന്റെ സുരക്ഷ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് ജിസിസി സെക്രട്ടറി ജനറൽ വ്യക്തമാക്കി. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ ഖത്തർ, ഈജിപ്ത്, തുർക്കി, അമേരിക്ക എന്നിവ ഒപ്പിട്ട കരാറിനെയും ജിസിസി സെക്രട്ടറി സ്വാഗതം ചെയ്തു.
Adjust Story Font
16

