Quantcast

ബഹ്‌റൈനിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ നടപടി

MediaOne Logo

Web Desk

  • Published:

    28 Dec 2022 6:35 AM GMT

ബഹ്‌റൈനിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ നടപടി
X

കാർഷിക വികസനത്തിനായി പുതിയ ഭൂമി അനുവദിക്കാനും അത് സർക്കാരിന്റെ ഭൂമി നിക്ഷേപ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കാനും ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

സുസ്ഥിരമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗാമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക കാർഷികോൽപാദനം വർധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയുമായി ചേർന്ന് പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സർക്കാരിന്റെ താൽപര്യവും അദ്ദേഹം വ്യക്തമാക്കി. ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന കാർഷികചന്ത സന്ദർശിക്കവേയാണ് ഉപപ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

മുനിസിപ്പാലിറ്റികാര്യ, കാർഷിക മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്, കാർഷിക വികസനത്തിനുള്ള ദേശീയ സംരംഭത്തിന്റെ സെക്രട്ടറി ജനറൽ ശൈഖ മാറം ബിൻത് ഈസ അൽ ഖലീഫ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

പത്താം വർഷത്തിലേക്ക് കടന്ന ബഹ്‌റൈനി കാർഷിക ചന്ത രാജ്യത്തെ കാർഷിക മേഖലക്ക് നൽകുന്ന പിന്തുണയെ ഉപപ്രധാനമന്ത്രി പ്രശംസിച്ചു. ബഹ്‌റൈനി കുടുംബങ്ങൾക്ക് ആഴ്ചതോറും ഒത്തുചേരാനുള്ള വേദിയായി കാർഷിക ചന്ത മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ വെല്ലുവിളികൾ നേരിടാൻ ബഹ്‌റൈനിലെ കർഷകർക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story