ബഹ്റൈൻ വിമാനത്താവളത്തിൽ ഇന്ത്യൻ യാത്രക്കാരനെ തടഞ്ഞുവെച്ച് പണം അപഹപരിച്ച കേസ്; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ
3,500 സൗദി റിയാലാണ് യാത്രക്കാരനിൽ നിന്ന് ഉദ്യോഗസ്ഥർ മോഷ്ടിച്ചത്

മനാമ: ബഹ്റൈൻ വിമാനത്താവളത്തിൽ ഇന്ത്യൻ യാത്രക്കാരനെ തടഞ്ഞുവെച്ച് പണം അപഹപരിച്ച കേസിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ. 3,500 സൗദി റിയാലാണ് യാത്രക്കാരനിൽ നിന്ന് ഉദ്യോഗസ്ഥർ മോഷ്ടിച്ചത്. അബൂദബിയിലേക്ക് പോകാനായി ബഹ്‌റൈൻ എയർപോർട്ടിലെത്തിയ ഇന്ത്യൻ യാത്രക്കാരനെ സ്വദേശികളായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ തടയുകയും നിർബന്ധിച്ച് വിമാനത്താവളത്തിലെ ശുചിമുറിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ശുചീകരണ തൊഴിലാളിയോട് പുറത്തുപോകാൻ ആവശ്യപ്പെട്ട ശേഷം ഈ ഉദ്യോഗസ്ഥർ യാത്രക്കാരനെ ഒരു കാബിനുള്ളിൽ പൂട്ടിയിട്ടു.
പിന്നീട് യാത്രക്കാരന്റെ കൈവശം എത്ര പണമുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. 40,100 സൗദി റിയാൽ കയ്യിൽ ഉണ്ടെന്ന് അറിയിച്ചപ്പോൾ ബലാൽക്കാരമായി പിടിച്ചുവാങ്ങി അത് പരിശോധിച്ചുവെന്നും യാത്രക്കാരൻ വ്യക്തമാക്കി. അതിന് ശേഷമാണ് അദ്ദേഹത്തെ വിമാനത്തിനുള്ളിലേക്ക് കയറ്റിവിടുന്നത്. വിമാനത്തിൽ കയറിയ ശേഷം എണ്ണിനോക്കിയപ്പോഴാണ് കയ്യിലുണ്ടായിരുന്ന പണത്തിൽ നിന്ന് 3,500 റിയാൽ നഷ്ടപ്പെട്ടതായി യാത്രക്കാരൻ തിരിച്ചറിഞ്ഞത്.
തുടർന്ന് രണ്ട് ദിവസത്തിന് ശേഷം തിരിച്ച് ബഹ്റൈനിലെത്തിയ യാത്രക്കാരൻ അധികൃതർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യാത്രക്കാരനെതിരെ നടന്ന അതിക്രമം അധികാരികൾക്ക് ബോധ്യപ്പെട്ടു. ഉദ്യോഗസ്ഥർ ഇയാളെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നതടക്കമുള്ള ദൃശ്യങ്ങൾ തെളിവായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, കസ്റ്റംസ് ഉദ്യോഗസ്ഥർ പണം മോഷ്ടിച്ചതായും അത് ഇരുവരും ചേർന്ന് വീതിച്ചെടുത്തതായും കുറ്റ സമ്മതം നടത്തി. മുമ്പും സമാനമായി യാത്രക്കാരെ കൊള്ളയടിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
ശുചീകരണ തൊഴിലാളിയുടെ സാക്ഷിമൊഴിയും പ്രതികൾക്കെതിരായ പ്രധാന തെളിവായി കോടതി സ്വീകരിച്ചു. പ്രതികൾ നിലവിൽ ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുകയാണ്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മോഷണം നടത്തുക, അന്യായമായി ഒരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുക, കസ്റ്റംസ് നിയമങ്ങൾ ലംഘിച്ച് പരിശോധന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിഭാഗത്തിന്റെ വാദം കേൾക്കുന്നതിനായി കോടതി കേസ് ഡിസംബർ 28-ലേക്ക് മാറ്റി വെച്ചിട്ടുണ്ട്.
Adjust Story Font
16

