ടിക് ടോക്കിലും യൂട്യൂബിലും പരസ്യം നൽകി വ്യാജ വിസ; സംഗീതജ്ഞൻ അറസ്റ്റിൽ
കലാരംഗത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് പിടിയിലായത്, വിസക്ക് വാങ്ങിയിരുന്നത് 7000 -9000 ദിർഹം

ദുബൈ: വ്യാജ ഫ്രീലാൻസ് വിസ തട്ടിപ്പ് കേസിൽ ഗായകനും ഇൻഫ്ലുവൻസറുമായ വ്യക്തി ദുബൈയിൽ അറസ്റ്റിൽ. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ്–ദുബൈ (ജിഡിആർഎഫ്എ ദുബൈ), ദുബൈ പൊലീസുമായി സഹകരിച്ചാണ് പ്രതിയെ പിടികൂടിയത്. യുഎഇയിൽ ജോലി തേടുന്നവരെയും മികച്ച ജീവിതം പ്രതീക്ഷിച്ചെത്തുന്നവരെയും ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയതെന്നാണ് അധികൃതർ പറയുന്നത്. വിസ, താമസാനുമതി രേഖകളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പണം വാങ്ങിയാണ് വ്യാജ ഫ്രീലാൻസ് വിസകൾ നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് വർഷത്തിനിടെ 40 ഓളം ഫ്രീലാൻസ് വിസകൾ നൽകിയതായാണ് പ്രതി കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
ഒരു വ്യക്തിയുടെ കൈവശം വ്യാജ വിസ കണ്ടെത്തിയതോടെയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. രേഖയുടെ ആധികാരികത പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിൽ വ്യാജ രേഖ തയാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരിലേക്ക് എത്തുകയായിരുന്നു. ജോലി കണ്ടെത്താനും യു.എ.ഇയിൽ പ്രവേശിക്കാനും താമസരേഖകൾ ശരിയാക്കാനുമുള്ളവരെ ലക്ഷ്യമിട്ടാണ് വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതെന്ന് ജിഡിആർഎഫ്എ ദുബൈ വ്യക്തമാക്കി.സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരം ഓഫറുകൾ വ്യാപകമായി പ്രചരിക്കുന്നതെന്ന് വയലേറ്റേഴ്സ് ആൻഡ് ഫോറിൻേഴ്സ് ഫോളോ-അപ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജീഫ് അൽ സാബി പറഞ്ഞു.
രണ്ട് വർഷത്തോളം ടിക് ടോക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് വിസ ഓഫറുകൾ പ്രചരിപ്പിച്ചതെന്ന് തട്ടിപ്പ് നടത്തിയ ഗായകൻ അധികൃതരോട് പറഞ്ഞു. സോഷ്യൽ മീഡിയ ഫോളോവേഴ്സിനിടയിൽ ജോലി തേടുന്നവരെ ലക്ഷ്യമിട്ടായിരുന്നു പരസ്യങ്ങൾ. 7,000 മുതൽ 9,000 ദിർഹം വരെയാണ് ഓരോ വിസക്കും ഈടാക്കിയിരുന്നത്. 40ലേറെ വ്യാജ വിസകൾ നൽകിയതായും ഇയാൾ സമ്മതിച്ചു. തട്ടിപ്പിനിരയായ ഒരാൾ തന്റെ സഹോദരിക്ക് വിസയും ജോലിയും ലഭിക്കുമെന്ന് പ്രതീക്ഷിച്ച് 7,500 ദിർഹം നൽകിയിരുന്നു. പണം നൽകിയശേഷം വാഗ്ദാനം ചെയ്ത വിസയോ ജോലിയോ ലഭിച്ചില്ല. ഏറെക്കാലം കാത്തിരുന്നിട്ടും നടപടി ഉണ്ടായില്ലെന്നും മുഴുവൻ പണവും നഷ്ടമായെന്നും ഇര പറഞ്ഞു.
പണം വാങ്ങി വർക്ക് വിസയും താമസാനുമതിയും നൽകാമെന്ന അവകാശവാദവുമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന പരസ്യങ്ങൾ ജിഡിഎഫ്ആർഎ ദുബൈ നിരീക്ഷിച്ചുവരികയാണ്. അനധികൃത സ്ഥാപനങ്ങളുടെയോ ഓഫീസുകളുടെയോ പേരിലോ സർക്കാർ സ്ഥാപനങ്ങളുമായി ബന്ധമുള്ളതാണെന്ന പ്രതീതി സൃഷ്ടിച്ചോ ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. വിസ, താമസാനുമതി സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക അധികൃതരിൽനിന്ന് നേരിട്ട് പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Adjust Story Font
16

