കറാമയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; ഒരു മലയാളികൂടി മരിച്ചു
ചികിത്സയിലുള്ള എട്ട് മലയാളികളിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

ദുബൈ: കറാമയിൽ താമസസ്ഥലത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. തലശ്ശേരി ടെമ്പിൾഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസാണ് ഇന്ന് മരിച്ചത്. 24 വയസായിരുന്നു. ചികിത്സയിലുള്ള എട്ട് മലയാളികളിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഗുരതരമായി പൊള്ളലേറ്റ് ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തലശ്ശേരി സ്വദേശി നിധിൻദാസിന്റെ മരണം ഇന്ന് രാവിലെയാണ് സ്ഥിരീകരിച്ചത്. സന്ദർശക വിസയിൽ ദുബൈയിൽ എത്തിയ നിധിൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത് അടുത്തിടെയാണ്.
അപകടത്തിൽ മരിച്ച മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം ഇന്നലെ അപകടം നടന്ന കെട്ടിടത്തിനകത്ത് നിന്ന് കണ്ടെത്തിയിരുന്നു. അനാം അൽ മദീന ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് എന്ന സ്ഥാപനത്തിലെ സൂപ്പർവൈസറായിരുന്നു യാക്കൂബ്.
ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ദുബൈയിൽ മലയാളികൾ തിങ്ങിപാർക്കുന്ന കറാമയിലെ ബിൻഹൈദർ ബിൽഡിങിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചത്. ബാച്ചിലർമാർ താമസിച്ചിരുന്ന മൂന്ന് മുറികളുള്ള ഫ്ലാറ്റിലായിരുന്നു അപകടം.
17 പേരോളം മൂന്ന് മുറികളിലായി താമസിച്ചിരുന്നുവെന്ന് അപകടത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടവർ പറഞ്ഞു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും മലയാളികളാണ്. എട്ട് പേർ നിലവിൽ ദുബൈ റാശിദ് ആശുപത്രിയിലും എൻ.എം.സി ആശുപത്രിയിലും ചികിത്സയിലുണ്ട്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ച യാക്കൂബ് അബ്ദുല്ലയുടെയും നിധിൻ ദാസിന്റെയും മൃതദേഹങ്ങൾ നാട്ടിലേക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
Adjust Story Font
16

