ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും
മലയാളി ഹാജിമാർ നാളെ കൂടി ജംറയിൽ കല്ലെറിഞ്ഞ ശേഷമാകും മടക്കം

മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട് വിടപറയും. മലയാളി ഹാജിമാർ നാളെ കൂടി ജംറയിൽ കല്ലെറിഞ്ഞ ശേഷമാകും മടങ്ങുക. ഇതോടെ ഹറം വിടവാങ്ങൽ 'ത്വവാഫി'ന്റെ തിരക്കിലേക്ക് നീങ്ങിയിട്ടുണ്ട്.
ഹജ്ജിന്റെ അഞ്ചാം ദിനത്തിലെ കല്ലേറ് കർമവും പൂർത്തിയാക്കിയാണ് ഭൂരിഭാഗം ഹാജിമാരും മിനയോട് വിടപറയുന്നത്. സ്വകാര്യ ഗ്രൂപ്പുകളിൽ എത്തിയ മലയാളികളടക്കം ഇന്ന് മിനയിൽ നിന്ന് മടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മലയാളി ഹാജിമാർ ഇന്നുകൂടി മിനായിൽ കഴിഞ്ഞ് നാളെയാണ് മടങ്ങുക.
ഹാജിമാർക്ക് ഇനിയവശേഷിക്കുന്നത് വിടവാങ്ങൽ ത്വവാഫാണ്. ഇന്ത്യൻ ഹാജിമാരും സ്വകാര്യ ഗ്രൂപ്പിലെ കേരള ഹാജിമാരും ഈയാഴ്ച മടക്ക യാത്ര നാട്ടിലേക്കാരംഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിവർ എട്ട് ദിനം മദീന സന്ദർശനം പൂർത്തിയാക്കി അവിടെ നിന്നാണ് നാട്ടിലേക്ക് തിരിക്കുക. വലിയ പ്രയാസങ്ങളോ മരണങ്ങളോ ഇല്ലാതെ സമീപകാലത്ത് നടക്കുന്ന ഏറ്റവും മികച്ച ഹജ്ജാണ് ഇത്തവണത്തേത്.
Adjust Story Font
16

