ഹോർമുസ് തുറക്കുന്നതിന് മുൻഗണന; പ്രതിസന്ധി തുടർന്നാൽ വ്യവസായ ദുരന്തം — ഖത്തർ
ഹോർമുസിലൂടെയുള്ള കപ്പൽ നീക്കം മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

മുഹമ്മദ് അൽ അൻസാരി
ദോഹ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനാണ് ഖത്തർ പ്രധാന മുൻഗണന നൽകുന്നതെന്ന് ഖത്തർ. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി തുടർന്നാൽ ലോകം വ്യവസായിക ദുരന്തം അഭിമുഖീകരിക്കേണ്ടി വരും. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് അൽ അൻസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂനോർമലിൽ ജലപാതകളെ ആയുധമായി ഉപയോഗിക്കരുതെന്ന് അമേരിക്കൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം പണപ്പെരുപ്പത്തിന് കാരണമാകുകയും ഊർജ, ഭക്ഷ്യ, വ്യാവസായിക സുരക്ഷകൾക്ക് അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഉറപ്പാക്കുകയും അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജലപാതകളെ സംഘർഷങ്ങളിൽ ആയുധമായി ഉപയോഗിക്കുന്നത് പതിവായാൽ മറ്റ് സംഘർഷങ്ങളിലും സമാന നടപടികൾ ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ജലപാതകൾ ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടാൽ പ്രത്യാഘാതം കൂടുതൽ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കയും ഇസ്രായേലും ഫെബ്രുവരി 28ന് ഇറാനിൽ ആക്രമണം ആരംഭിച്ചതോടെയാണ് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. യുദ്ധം ആരംഭിച്ച ശേഷം ഹോർമുസിലൂടെ കപ്പൽ നീക്കം നാമമാത്രമായി മാറിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായും കടൽ മൈനുകൾ നീക്കിയതായും അമേരിക്കയും ഡോണൾഡ് ട്രംപും നിരന്തരം അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലെന്നാണ് കപ്പൽ നീക്കങ്ങളുടെ അന്താരാഷ്ട്ര കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തെ കണക്കെടുക്കാൽ പ്രതിദിനം ശരാശരി പത്ത് കപ്പലുകൾ മാത്രമാണ് ഹോർമുസ് വഴി സഞ്ചരിച്ചിരിക്കുന്നതെന്ന് കെപ്ലറിന്‍റെ ഡേറ്റ വ്യക്തമാക്കുന്നു. ഇത് മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്.
അതേസമയം, ഹോർമുസ് തുറക്കാനുള്ള പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഒമാനുമായി ചേർന്നാണ് ഹോർമുസ് കടലിടുക്ക് തുറക്കൽ പദ്ധതി ഇറാൻ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് മാസമായി ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ഇറാനും ഒമാനുമായി ധാരണയിലെത്തിയെന്ന് തെഹ്റാൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ഇതുവരെയുണ്ടായിട്ടില്ല. ഹോർമുസിൽ ഇറാന് മേൽക്കൈ ലഭിക്കുന്ന ധാരണയോടുള്ള അമേരിക്കയയുടെ എതിർപ്പാണ് പ്രതിസന്ധി തുടരാനുള്ള കാരണമെന്നാണ് റിപ്പോർട്ട്.
ഹോർമുസിലെ പ്രതിസന്ധിക്ക് പിന്നാലെ ചെങ്കടലിലെ ബാബ് അൽ മന്ദബ് കടലിടുക്കിലും പ്രശ്നം രൂക്ഷമായി തുടരുകയാണ്. സൗദി അറേബ്യയുടെ കപ്പലുകൾക്ക് യെമനിലെ ഹൂതി വിമതർ ഏർപ്പെടുത്തിയ ഉപരോധത്തിനൊപ്പം യെമനിൽ നടക്കുന്ന ആഭ്യന്തര സംഘർഷങ്ങളും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ബാബ് അൽ മന്ദബ് കടലിടുക്കിനോട് ചേർന്നുള്ള കുന്നിൻ പ്രദേശങ്ങളിൽ ഹൂതി വിമതർ മുന്നേറ്റം നടത്തിയതായ റിപ്പോർട്ടുകൾ ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തിനും പ്രതിസന്ധി തീർക്കുന്നുണ്ട്. ചെങ്കടൽ തീരത്തെ യെമൻ തുറമുഖമായ അൽ മക്കയും നിയന്ത്രണത്തിലാക്കാൻ ഹൂതി വിമതരുടെ ശ്രമം നടക്കുന്നുണ്ട്. ഇത് ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
Adjust Story Font
16

