പഴയകാല മാപ്പിളപ്പാട്ട് പ്രതിഭകളെ ഓർമിക്കാൻ 'ഇശൽ വസന്തം'
പ്രവാസലോകത്തെ മാപ്പിളപ്പാട്ട് പ്രതിഭകളും ആസ്വാദകരുമാണ് പരിപാടി സംഘടിപ്പിക്കുന്നത്

ദുബൈ: വിടവാങ്ങിയ മാപ്പിളപ്പാട്ട് കലാകാരന്മാരുടെ ജീവിതവും അവരുടെ സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ പദ്ധതി. 'ഇശൽ വസന്തം' എന്ന പേരിൽ പ്രത്യേക ഷോ ഒരുക്കുകയാണ് പ്രവാസലോകത്തെ മാപ്പിളപ്പാട്ട് പ്രതിഭകളും ആസ്വാദകരും. പദ്ധതിയുടെ പ്രഖ്യാപനം ദുബൈയിൽ നടന്നു.
ആദ്യകാല മാപ്പിളപ്പാട്ട് കവികൾ, പാട്ടുകാർ, സംഗീത സംവിധായകർ എന്നിവരെ അനുസ്മരിക്കുന്നതാണ് പരിപാടിയുടെ പ്രധാന ഉള്ളടക്കം. വിടവാങ്ങിയ പ്രഗത്ഭരുടെ കുടുംബാംഗങ്ങളും ഇതിൽ പങ്കുചേരും. ഒപ്പം പുതുകാലത്തെ മാപ്പിളപ്പാട്ട് പ്രതിഭകളും പരിപാടിയിൽ ഭാഗഭാക്കാകും. പ്രമുഖഗായകൻ ഷമീർ ഷർവാനിയാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുക. കഴിഞ്ഞദിവസം ദുബൈയിൽ നടന്ന ടീസർഷോ മുൻ മന്ത്രി ടി.കെ ഹംസ ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ടിന്റെ ജനകീയതക്ക് ഇന്നും പോറൽ ഏറ്റിട്ടില്ലെന്ന് ടി.കെ ഹംസ പറഞ്ഞു.
റിയാലിറ്റി ഷോ വിധികർത്താവും മാപ്പിളപ്പാട്ട് നിരൂപകനുമായ ഫൈസൽ എളേറ്റിൽ, ഷമീർ ശർവാനി, യഹിയാ തളങ്കര, ഇഖ്ബാൽ മാർക്കോണി, അൻവർ നഹ, സിദ്ദീഖ് ഫോറം, തൽഹത്ത് ഫോറം, ഇ.പി ജോൺസൺ, ഫാഇദ ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായി. യൂസുഫ് കാരക്കാട്, കീർത്തന ശബരീഷ്, ആര്യാ മോഹൻ ദാസ് എന്നിവർ നയിച്ച ഗാനവിരുന്നും ഒരുക്കി.
Adjust Story Font
16

