Quantcast

ഭിന്നശേഷി കുട്ടികൾക്കായി അൽ അഖീലയിൽ അത്യാധുനിക വിദ്യാഭ്യാസ സമുച്ചയം ഒരുക്കുന്നു

149 ദശലക്ഷം കുവൈത്ത് ദിനാർ ചിലവ് വരുന്ന പദ്ധതിക്ക് മന്ത്രാലയം അംഗീകാരം നൽകി

MediaOne Logo

Web Desk

  • Published:

    19 Feb 2025 6:01 PM IST

ഭിന്നശേഷി കുട്ടികൾക്കായി അൽ അഖീലയിൽ അത്യാധുനിക വിദ്യാഭ്യാസ സമുച്ചയം ഒരുക്കുന്നു
X

കുവൈത്ത് സിറ്റി: ഭിന്നശേഷിയുള്ള കുട്ടികൾക്കായി അത്യാധുനിക വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. 149 ദശലക്ഷം കുവൈത്ത് ദിനാർ ചിലവ് വരുന്ന പദ്ധതിക്ക് മന്ത്രാലയം അംഗീകാരം നൽകി. അൽ-അഖീല പ്രദേശത്താണ് സമുച്ചയം സ്ഥാപിക്കുന്നത്. ധനകാര്യ, പൊതുമരാമത്ത് മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും ഉയർന്ന നിലവാരത്തിലുള്ള നിർമ്മാണം ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. സമുച്ചയത്തിന്റെ പ്രവർത്തനത്തിനുള്ള പദ്ധതി തയ്യാറാക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ-തബതബായി പറഞ്ഞു. വിദഗ്ധരായ ജീവനക്കാരെയും ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും ഇവിടെ ഉറപ്പാക്കും. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ വിദ്യാർത്ഥികൾക്കും തുല്യ വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിനായി ഉയർന്ന എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾ പാലിക്കുമെന്നും മന്ത്രി പറഞ്ഞു.

അൽ-അഖീല, ജഹ്റ, ഹവല്ലി എന്നിവിടങ്ങളിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി മൂന്ന് വിദ്യാഭ്യാസ സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഭിന്നശേഷിയുള്ള കുട്ടികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച്, അവർക്ക് അനുയോജ്യമായ രീതിയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യം. സുരക്ഷിതവും സൗകര്യപ്രദവുമായ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുന്നതിലൂടെ പഠന അവസരങ്ങൾ വർധിപ്പിക്കും.

ആധുനിക ക്ലാസ്‌റൂമുകൾ, ലാബുകൾ, എന്നിവയുൾപ്പെടെ സമഗ്രമായ വിദ്യാഭ്യാസ സൗകര്യങ്ങൾ സമുച്ചയത്തിൽ ഉണ്ടാകും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികളുടെ കായികവും കലാപരവുമായ വികസനം പ്രധാനമാണെന്നും അതിനായുള്ള പരിപാടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസ വികസന ലക്ഷ്യങ്ങൾക്ക് അനുസരിച്ചാണ് പദ്ധതികളെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിക്ക് പിന്തുണ നൽകുന്ന ധനകാര്യ, പൊതുമരാമത്ത് മന്ത്രാലയങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ഫിസിയോതെറാപ്പി റൂമുകൾ, നീന്തൽക്കുളങ്ങൾ, മൾട്ടി പർപ്പസ് ജിം തുടങ്ങിയ ചികിത്സാ സൗകര്യങ്ങളും ഉണ്ടാകും. പരിശീലന വർക്ക്ഷോപ്പുകൾ, ലൈബ്രറികൾ, ആധുനിക വിദ്യാഭ്യാസ ലാബുകൾ, തിയേറ്ററുകൾ എന്നിവയും സമുച്ചയത്തിൽ ഉൾപ്പെടും. ഭിന്നശേഷിയുള്ള കുട്ടികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന സമഗ്രമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് ലക്ഷ്യമിടുന്നത്.

TAGS :

Next Story