Quantcast

ആസ്വദിക്കാം അവധിക്കാലം; കുവൈത്തിൽ സീസണൽ വിനോദസഞ്ചാര കേന്ദ്രം വരുന്നു

രാജ്യത്തെ വികസന പദ്ധതികളുടെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിക്കുന്നത് .

MediaOne Logo

Web Desk

  • Published:

    28 Aug 2022 4:09 PM GMT

ആസ്വദിക്കാം അവധിക്കാലം; കുവൈത്തിൽ സീസണൽ വിനോദസഞ്ചാര കേന്ദ്രം വരുന്നു
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബിർ കടൽ പാലം കേന്ദ്രീകരിച്ചു സീസണൽ വിനോദ സഞ്ചാര കേന്ദ്രം വരുന്നു. രാജ്യത്തെ വികസന പദ്ധതികളുടെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

ശൈഖ് ജാബിർ പാലത്തോട് ചേർന്നുള്ള താത്കാലിക ഐലന്റുകളെ വിന്റർ സീസണിൽ പ്രത്യേക വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുക എന്ന ആശയത്തിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു. മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന തരത്തിൽ വിവിധ വിനോദോപാധികൾ ഇവിടെ ഒരുക്കുകയാണ് ലക്ഷ്യം.

വികസനപദ്ധതികളുമായി ജനങ്ങളെ അടുപ്പിക്കാനും വിനോദ സഞ്ചാര സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും പുതിയ തീരുമാനം സഹായകമാകും എന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ . മുനിസിപ്പാലിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം മുന്നോട്ടു വെച്ചത് . വൻകിട ഗവൺമെൻറ് പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന മന്ത്രിസഭാസമിതി നിർദേശം ചർച്ച ചെയ്യുകയും കടൽ പാലത്തോട് ചേർന്ന രണ്ട് കൃത്രിമ ദ്വീപുകൾ താത്കാലിക സീസണൽ എന്റർടൈന്റ്‌മെന്റ് സിറ്റി സ്ഥാപിക്കാൻ അംഗീകാരം നൽകുകയും ചെയ്തതായാണ് വിവരം. കുട്ടികൾക്കായി ഉത്സവങ്ങൾ, കായിക പ്രവർത്തനങ്ങൾ, തദ്ദേശീയ ഉൽപന്നങ്ങളുടെ വിപണികൾ, എന്നിവ ഒരുക്കാനാണ് പദ്ധതി.

ചെറുകിട സംരംഭകർക്കും മൊബൈൽ വാഹനങ്ങൾ സ്വന്തമായുള്ള കുവൈത്ത് യുവാക്കൾക്കും ഒക്ടോബർ മുതൽ മെയ് വരെയുള്ള സീസൺ പ്രയോജനപ്പെടുത്താനുള്ള അവസരവും നിർദ്ദേശങ്ങളും പദ്ധതി വഴി ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. താൽക്കാലികമായി രണ്ട് ദ്വീപുകളും ഈ രീതിയിൽ സജ്ജീകരിക്കുന്നതിനുള്ള ചെലവ് വളരെ കുറവായിരിക്കുമെന്നാണ് മുനിസിപ്പാലിറ്റി തയ്യാറാക്കിയ പ്രോജക്ട് പ്ലാനിൽ പറയുന്നത്.

TAGS :

Next Story