കുവൈത്ത് മന്ത്രിസഭയുടെ രാജി അമീര്‍ അംഗീകരിച്ചു; പാര്‍ലമെന്റ് സമ്മേളനം 11ന്
അടുത്താഴ്ചക്കുള്ളില്‍ പുതിയ മന്ത്രിസഭ നിലവില്‍ വരുമെന്നാണ് സൂചനകള്‍

കുവൈത്ത് സിറ്റി: പതിനേഴാം ദേശീയ അസംബ്ലി ഫലം പുറത്തുവന്നതിന് പിറകെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് കീഴിലുള്ള സർക്കാർ രാജിവെച്ചു. രാജി സ്വീകരിച്ച അമീര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നത് വരെ മന്ത്രിസഭയോട് തുടരുവാന്‍ അമീര്‍ നിര്‍ദ്ദേശം നല്‍കി.
പാര്‍ലമെന്റ് ഫലങ്ങള്‍ പുറത്ത് വന്നതിന് പിറകെയാണ് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് ഞായറാഴ്ച കിരീടാവകാശി ഷെയ്ഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ കണ്ട് രാജി സമര്‍പ്പിച്ചത് . കുവൈത്ത് ഭരണഘടന പ്രകാരം പൊതുതെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രാജിവെക്കണം. അടുത്താഴ്ചക്കുള്ളില്‍ പുതിയ മന്ത്രിസഭ നിലവില്‍ വരുമെന്നാണ് സൂചനകള്‍.
എം.പിമാരുടെയുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനുള്ളതിനാല്‍ അടുത്ത പ്രധാനമന്ത്രിയായി അദ്ദേഹം തന്നെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയും പ്രധാന വകുപ്പുകളും സബാഹ് ഭരണകുടുംബത്തിലെ മുതിർന്ന അംഗങ്ങളാണ് വഹിച്ചുവരുന്നത്.
1963ലാണ് രാജ്യത്ത് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് അടിക്കടി പാർലമെൻറ് പിരിച്ചുവിടുന്നതും തുടർച്ചയായ തെരഞ്ഞെടുപ്പുകൾക്കും നിരവധി തവണയാണ് കുവൈത്ത് സാക്ഷിയായത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷത്തിനാണ് മുന്‍തൂക്കമെങ്കിലും രാഷ്ട്രീയസ്ഥിരത വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. മലയാളികൾ അടക്കമുള്ള രാജ്യത്തെ പ്രവാസി സമൂഹമവും ഏറെ താൽപര്യത്തോടെയാണ് കുവൈത്ത് മന്ത്രിസഭയെ കാത്തിരിക്കുന്നത്.
Adjust Story Font
16

