കുവൈത്തിൽ വ്യാജ വിദേശ മദ്യം നിർമിച്ച് വിൽപ്പന നടത്തിയ ഏഷ്യൻ പ്രവാസി അറസ്റ്റിൽ
മദ്യനിർമാണ ഉപകരണങ്ങൾ, സാമഗ്രികൾ, 300-ലധികം മദ്യക്കുപ്പികൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ വിദേശ മദ്യം നിർമിച്ച് വിൽപ്പന നടത്തിയ ഏഷ്യൻ പ്രവാസി അറസ്റ്റിൽ. മഹ്ബൂല മേഖലയിലെ ഇവരുടെ താമസസ്ഥലത്ത് ഖൈത്താൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ റെയ്ഡിലാണ് മദ്യനിർമാണ ഉപകരണങ്ങൾ, സാമഗ്രികൾ, വിൽക്കാൻ തയാറാക്കിയ 300-ൽ അധികം മദ്യക്കുപ്പികൾ എന്നിവ പിടിച്ചെടുത്തത്. ഇയാൾക്കെതിരെ അധികൃതർ അന്വേഷണം ആരംഭിച്ചു. ഇവർ എത്ര കാലമായി പ്രവർത്തിക്കുന്നു, അസംസ്കൃത വസ്തുക്കളുടെ ഉറവിടങ്ങൾ എവിടെയാണ്, പ്രാദേശികമായി നിർമിക്കുന്ന മദ്യത്തെ വിദേശനിർമിതമായി തോന്നിപ്പിക്കാൻ ഉപകരണങ്ങളും ലേബലുകളും എങ്ങനെ ഉപയോഗിച്ചു എന്നീ കാര്യങ്ങൾ കണ്ടെത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പ്രതിയെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കഴിഞ്ഞ ദിവസം ജഹ്റ ഏരിയയിൽ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ബാക്കപ്പ് പട്രോളിങ് സംഘം നടത്തിയ റെയ്ഡിൽ മറ്റൊരു ഏഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തു. ഇയാൾ നാടൻ മദ്യവും വിദേശ മദ്യവും വിൽപ്പന നടത്തുകയായിരുന്നു. ഇയാളിൽനിന്ന് 18 കുപ്പി മദ്യം കണ്ടെത്തി.
അൻദലൂസിയ മേഖലയിൽ കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 18 മദ്യക്കുപ്പികൾ അടങ്ങിയ വാഹനം പിടിച്ചെടുത്തു. ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് സുരക്ഷാവൃത്തങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രതിയെ നാടുകടത്തൽ നടപടികൾക്കായി റഫർ ചെയ്യുകയും പിടിച്ചെടുത്ത മദ്യം നശിപ്പിക്കാൻ അധികാരികൾക്ക് കൈമാറുകയും ചെയ്തു.
Adjust Story Font
16

