കുവൈത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് നാൽപത് ശതമാനം വരെ കുറഞ്ഞതായി വ്യോമയാന വകുപ്പ് മേധാവി
കഴിഞ്ഞ മാസം ഒരു ലക്ഷത്തിന് മുകളിലായിരുന്ന ടിക്കറ്റ് നിരക്കാണ് നാലിലൊന്നായി കുറഞ്ഞത്. നിരക്ക് കുറഞ്ഞതോടെ ദീർഘനാളായി അവധിക്കു പോകാതിരുന്ന പ്രവാസികൾ നാട്ടിലേക്ക് പോകാൻ ആരംഭിച്ചിട്ടുണ്ട്

കുവൈത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് നാൽപത് ശതമാനം വരെ കുറഞ്ഞതായി സിവിൽ വ്യോമയാന വകുപ്പ് മേധാവി എൻജിനീയർ യൂസഫ് അൽ ഫൗസാൻ. വിന്റർ സീസണിലേക്ക് വിമാനക്കമ്പനികള്‍ സമർപ്പിച്ച എല്ലാ ഷെഡ്യൂളുകൾക്കും ഡി.ജി.സി.എ അനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു .
വിമാനത്താവളം പൂർണ ശേഷിയിൽ ആക്കാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കിയ ശേഷം ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഡിജിസിഎ ഡയറക്ടർ ജനറൽ പറഞ്ഞു. കുവൈത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾക്ക് മുപ്പതു മുതൽ നാല്പതു ശതമാനം വരെയാണ് നിരക്ക് കുറഞ്ഞത്. വിന്റർ ഷെഡ്യൂളുകൾ സജീവമാകുന്നതോടെ നിരക്ക് ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാ വിദേശ എയർലൈനുകളും സർവീസ് ആരംഭിക്കുന്നതോടെ കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കോവിഡ് മഹാമാരി നിയന്ത്രണ വിധേയമായതോടെ വ്യോമഗതാഗത മേഖലയിൽ ക്രമാനുഗതമായ വളർച്ച പ്രകടമാണ്. വിന്റർ സർവീസ് ആരംഭിക്കുന്നതിനായി വിദേശ വിമാനകമ്പനികൾ സമർപ്പിച്ച മുഴുവൻ ഷെഡ്യൂളുകൾക്കും കുവൈത്ത് അനുമതി നൽകിയിട്ടുണ്ട്. ഒക്ടോബർ 24 മുതലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി പൂർണതോതിലാക്കിയത്. ഇന്ത്യയിൽ നിന്നുൾപ്പെടെ കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട് . 25000ത്തിൽ താഴെയാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്. കഴിഞ്ഞ മാസം ഒരു ലക്ഷത്തിന് മുകളിലായിരുന്ന ടിക്കറ്റ് നിരക്കാണ് നാലിലൊന്നായി കുറഞ്ഞത്. നിരക്ക് കുറഞ്ഞതോടെ ദീർഘനാളായി അവധിക്കു പോകാതിരുന്ന പ്രവാസികൾ നാട്ടിലേക്ക് പോകാൻ ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

