Quantcast

കുവൈത്തിൽ അതിശൈത്യം തുടരുന്നു; മരുപ്രദേശങ്ങളിൽ പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെ

തിങ്കളാഴ്ച മുതൽ തണുപ്പ് കുറഞ്ഞുതുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ മർസൂഖിന്റെ പ്രവചനം

MediaOne Logo

Web Desk

  • Published:

    22 Jan 2022 6:21 PM GMT

കുവൈത്തിൽ അതിശൈത്യം തുടരുന്നു; മരുപ്രദേശങ്ങളിൽ പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെ
X

കാലാവസ്ഥാ പ്രവചനങ്ങൾ ശരിവെച്ച് കുവൈത്തിൽ അതിശൈത്യം തുടരുന്നു. സമീപ വർഷങ്ങളിലെ ഏറ്റവും കൂടിയ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ പല മരുപ്രദേശങ്ങളിലും പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെയാണ് താപനില രേഖപ്പടുത്തിയത്. ഇത്തവണ തണുപ്പിന് കാഠിന്യം കൂടുമെന്നു കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ഇക്കാര്യം ശരിവെക്കുന്ന തരത്തിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അനുഭവപ്പെടുന്ന തണുപ്പ്. മരുപ്രദേശങ്ങളിലാണ് തണുപ്പ് കൂടുതലുള്ളത്. പലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് മൈനസിലെത്തി. നഗരങ്ങളിലും താമസ മേഖലകളിലും പകൽ ആറു മുതൽ 10 ഡിഗ്രി സെൽഷ്യസിനും രാത്രിസമയങ്ങളിൽ രണ്ടു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്അന്തരീക്ഷ ഊഷ്മാവ്. തിങ്കളാഴ്ച മുതൽ തണുപ്പ് കുറഞ്ഞുതുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ മർസൂഖിന്റെ പ്രവചനം. വടക്കൻ റഷ്യയിലെ സൈബീരിയയിൽ നിന്നുത്ഭവിക്കുന്ന ശീതക്കാറ്റ് ശക്തിപ്രാപിച്ചതാണ് കുവൈത്ത് ഉൾപ്പെടെയുള്ള മേഖലയിൽ തണുപ്പ് ശക്തമാകാൻ കാരണമെന്നും പുറത്തിറങ്ങുന്നവർ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തൊന്നും ശക്തമായ തണുപ്പ് ഉണ്ടായിട്ടില്ലെന്നാണ് ദീർഘകാലമായി കുവൈത്തിലുള്ള പ്രവാസികൾ പറയുന്നത്. അതിശൈത്യം മത്സ്യവിപണിയെയും ബാധിച്ചതായി കച്ചവടക്കാർ പറഞ്ഞു. ശർഖ് മത്സ്യ മാർക്കറ്റിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉപഭോക്താക്കളുടെ എണ്ണം പകുതിയിൽ താഴെ കുറഞ്ഞു. ഡിമാൻഡ് ഇല്ലാത്തത് മത്സ്യവില കുത്തനെ കുറയാനും കാരണമായി.

Cold weather continues in Kuwait

TAGS :

Next Story