പരാതികൾക്ക് പരിഹാരം, കുവൈത്തിൽ കാർഡ് പേയ്‌മെന്റുകൾക്ക് ഉപഭോക്താക്കൾ അധിക പണം നൽകേണ്ടതില്ല
നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിൽ കെ-നെറ്റ് ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസുകളോ കമ്മീഷനുകളോ ഈടാക്കുന്നത് തടഞ്ഞ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (സിബികെ). മുഴുവൻ പ്രാദേശിക ബാങ്കുകൾക്കും, ഇലക്ട്രോണിക് പേയ്‌മെന്റ് സേവന ദാതാക്കൾക്കും, ഇ-മണി സേവന ദാതാക്കൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകി.
പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയോ ഇലക്ട്രോണിക് പേയ്‌മെന്റ് വഴിയോ പണമടക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കുന്നതായി വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇത്തരം രീതികൾ അംഗീകരിക്കാനാവില്ലെന്നും ഉപഭോക്തൃ സംരക്ഷണ നയങ്ങളുടെ ലംഘനമാണെിതെന്നും സിബികെ പറഞ്ഞു. നിർദേശം നടപ്പിലാക്കുന്നതിനായി വ്യാപാരികളുമായുള്ള കരാറുകൾ പുതുക്കാൻ സിബികെ സ്ഥാപനങ്ങൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും ഉത്തരവിട്ടു. കരാർ പ്രകാരം, ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുമ്പോൾ അന്തിമ ഉപഭോക്താക്കളായ കസ്റ്റമർമാരിൽ നിന്ന് അധിക തുക ഈടാക്കരുത്. നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും, സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വിസ, മാസ്റ്റർകാർഡ് പോലുള്ള പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളാണ് കുവൈത്തിൽ ഇലക്ട്രോണിക് പേയ്‌മെന്റിനായി സാധാരണയായി ഉപയോഗിക്കുന്നത്. ഡെബിറ്റ്, റിവാർഡ്‌സ്, ട്രാവൽ, ബാലൻസ് ട്രാൻസ്ഫർ കാർഡ് അങ്ങനെ ഉപഭോക്താക്കൾ ഏത് കാർഡ് ഉപയോഗിച്ചാലും രാജ്യത്തിനകത്ത് പണമടക്കുമ്പോൾ അവരിൽ അധിക ഫീസുകൾ ചുമത്തുന്നില്ലെന്ന് സെൻട്രൽ ബാങ്കിന്റെ ഉത്തരവിലൂടെ ഉറപ്പാക്കുന്നു. രാജ്യത്ത് ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ ഇടപാടുകളിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കുന്നതിനും, സാമ്പത്തിക രീതികൾ വിപണിയിലുടനീളം സുതാര്യവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കുന്നതിനും ഈ പുതിയ നിർദേശത്തിലൂടെ സാധിക്കും.
Adjust Story Font
16

