കുവൈത്തിൽ ജീവിതച്ചെലവ് കുതിച്ചുയരുന്നു; ഏപ്രിലിൽ ഉപഭോക്തൃ വില സൂചികയിൽ 2.25% വർധന
ഭക്ഷ്യവസ്തുക്കൾ, ആരോഗ്യം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വില വർധിക്കുന്നത്

കുവൈത്ത് സിറ്റി: ജീവിതച്ചെലവ് കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ കുവൈത്തിൽ പണപ്പെരുപ്പ നിരക്കും ഉയർന്ന് തന്നെ തുടരുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) ഏപ്രിൽ മാസത്തിൽ 2.25 ശതമാനം വർധിച്ചതായി കുവൈത്ത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ (സിഎസ്എ) അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ, ആരോഗ്യം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലെ വില വർധനവാണ് ഇതിന് പ്രധാന കാരണം. മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിലെ പ്രതിമാസ പണപ്പെരുപ്പ നിരക്ക് 0.15 ശതമാനം നേരിയ തോതിൽ ഉയർന്നതായും സിഎസ്എ പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഭക്ഷണവും പാനീയങ്ങളും വിഭാഗത്തിലെ സിപിഐ 4.61 ശതമാനം വർധിച്ചു. അതേസമയം, പുകയില ഉൽപ്പന്നങ്ങൾ വിഭാഗത്തിൽ വില മാറ്റമില്ലാതെ തുടരുകയാണ്. വസ്ത്രങ്ങൾ വിഭാഗത്തിൽ 4.10 ശതമാനവും, ഭവന സേവനങ്ങൾ വിഭാഗത്തിൽ 0.74 ശതമാനവും വില വർധന രേഖപ്പെടുത്തി. ഗൃഹോപകരണങ്ങൾ വിഭാഗത്തിൽ 3.46 ശതമാനവും, ആരോഗ്യ മേഖലയിൽ 3.79 ശതമാനവും വില വർധിച്ചു.
എന്നാൽ, ഗതാഗത വിഭാഗത്തിൽ 1.05 ശതമാനം വിലക്കുറവ് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. മറ്റ് വിഭാഗങ്ങളിലെ വില വർധനവ് ഇങ്ങനെയാണ്: വാർത്താവിനിമയം 0.64 ശതമാനം, വിനോദവും സംസ്‌കാരവും 1.92 ശതമാനം, വിദ്യാഭ്യാസം 0.87 ശതമാനം, റെസ്റ്റോറന്റുകളും ഹോട്ടലുകളും 1.50 ശതമാനം, കൂടാതെ മറ്റുള്ള സാധനങ്ങളും സേവനങ്ങളും 4.9 ശതമാനം വർധിച്ചു. ഭക്ഷണവും പാനീയങ്ങളും ഒഴികെയുള്ള വിഭാഗങ്ങൾ പരിഗണിക്കുമ്പോൾ, ഏപ്രിലിലെ വാർഷിക പണപ്പെരുപ്പ നിരക്ക് 1.69 ശതമാനവും പ്രതിമാസ നിരക്ക് 0.08 ശതമാനവുമാണെന്ന് സിഎസ്എ വ്യക്തമാക്കി.
Adjust Story Font
16

