വില കൂടിയിട്ടും ആവശ്യക്കാർക്ക് കുറവില്ല; കുവൈത്തില്‍ സ്വര്‍ണ വ്യാപാരം കുതിച്ചുയരുന്നു
2025ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്ത് പൗരന്മാരും പ്രവാസികളും ചേർന്ന് 12.3 ടൺ സ്വർണം വാങ്ങി

കുവൈത്ത് സിറ്റി: വിപണിയില്‍ വില കൂടിയിട്ടും കുവൈത്തില്‍ സ്വര്‍ണ വ്യാപാരം കുതിച്ചുയരുന്നു. 2025-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്ത് പൗരന്മാരും പ്രവാസികളും ചേർന്ന് 12.3 ടൺ സ്വർണം വാങ്ങിയതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്തു. ആദ്യ പാദത്തിൽ 3.8 ടൺ, രണ്ടാം പാദത്തിൽ 4.6 ടൺ, മൂന്നാം പാദത്തിൽ 3.9 ടൺ എന്നിങ്ങനെയാണ് വില്‍പന രേഖപ്പെടുത്തിയത്.
പ്രാദേശിക ആവശ്യകത ശക്തമായതോടെ സ്വർണത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും ശ്രദ്ധേയമായ വളർച്ചയാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ 13.5 ടൺ സ്വർണം വിറ്റഴിക്കപ്പെട്ടിരുന്നു. വില ഉയർന്നിട്ടും സ്വർണത്തോടുള്ള ആകർഷണം കുറയാത്തതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
പണപ്പെരുപ്പത്തിനും സാമ്പത്തിക അനിശ്ചിതത്വത്തിനുമെതിരായ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണത്തെ ജനങ്ങൾ കാണുന്നത്. സ്വർണാഭരണങ്ങളാണ് വിപണിയിൽ മുഖ്യ പങ്ക് വഹിക്കുന്നത്, ആകെ വിൽപനയുടെ 61 ശതമാനവും ആഭരണങ്ങൾക്കാണ്. മുൻവർഷത്തെ അപേക്ഷിച്ച് ഉപഭോഗത്തിന്റെ മൂല്യം കുറവാണെങ്കിലും, റെക്കോർഡ് വില വർധനയാണ് അതിന് പ്രധാന കാരണം.
സ്വര്‍ണത്തിനുള്ള ഡിമാന്‍ഡില്‍ മൂന്നില്‍ രണ്ട് ഭാഗവും ആഭരണങ്ങള്‍ക്കാണെങ്കിലും, സ്വര്‍ണ ബിസ്‌ക്കറ്റുകളുടെയും നാണയങ്ങളുടെയും ഡിമാന്‍ഡും വര്‍ധിച്ചുവരുന്നുണ്ട്. സ്വർണം ഏറ്റവും നല്ല നിക്ഷേപ മാർഗമായി കാണുന്ന പ്രവണതയാണ് ശക്തമാകുന്നത്. ആഗോളതലത്തിലും ആവശ്യകത ഉയർന്നതായാണ് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നത്.
Adjust Story Font
16

