വൈദ്യുതി പ്രതിസന്ധി ഒഴിവാക്കും: കുവൈത്തിൽ വേനൽക്കാല മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽക്കാല മുന്നൊരുക്കം ജല, വൈദ്യുതി മന്ത്രാലയം ആരംഭിച്ചതായി പവർ പ്ലാന്റ്‌സ് ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ ആക്ടിംഗ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി എൻജിനീയർ ഹൈതം അൽ-അലി അറിയിച്ചു. വേനലിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ക്ഷാമം ഉണ്ടാകാതിരിക്കാൻ മന്ത്രാലയം വിശദമായ പദ്ധതികൾ ഒരുക്കിയിരിക്കുകയാണ്. പവർ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ മുപ്പത് ശതമാനവും, വാട്ടർ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികൾ അറുപത് ശതമാനവും പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ച് സാധാരണഗതിയിൽ ജൂൺ മാസത്തോടെയാണ് രാജ്യത്ത് വേനൽക്കാലം ആരംഭിക്കുക.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ചൂട് കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗവും വർദ്ധിക്കും. ഉൽപാദനം കൂടിയതിനാൽ ഈ വർഷം രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ഗൾഫ് ഇന്റർകണക്ഷൻ അതോറിറ്റിയുമായി ഏകോപിപ്പിച്ച് 1000 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ വൈദ്യുതി മന്ത്രാലയത്തിന്റെ ധാരണയായിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നേരത്തെ ആരംഭിച്ചതിനാൽ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

