കുവൈത്തിൽ 30,000 പ്രവാസി അധ്യാപകരുടെ എക്‌സിറ്റ് പെർമിറ്റ് പ്രതിസന്ധി പരിഹരിച്ചു
സ്‌കൂൾ പ്രിൻസിപ്പൽമാർ 'സഹ്ൽ' ആപ്പ് വഴി പെർമിറ്റുകൾ അംഗീകരിക്കുന്ന സംവിധാനം വന്നേക്കും

കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മേഖലയിലെ ഏകദേശം 30,000 പ്രവാസി അധ്യാപകർക്ക് എക്‌സിറ്റ് പെർമിറ്റ് നൽകുന്നതിലെ പ്രതിസന്ധി വിജയകരമായി പരിഹരിച്ചതായി അധികൃതർ. സിവിൽ സർവീസ് ബ്യൂറോയുമായി ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രശ്‌നം പരിഹരിച്ചത്.
എക്‌സിറ്റ് പെർമിറ്റ് സംവിധാനം നിലവിൽ വന്നത് പ്രവാസി അധ്യാപക ജീവനക്കാർക്കിടയിൽ വ്യാപകമായ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. പുതിയ സംവിധാനത്തിൽ വിവരങ്ങൾ ഏകീകരിക്കപ്പെടാത്തതിനാൽ പലർക്കും ഓൺലൈൻ എക്‌സിറ്റ് പെർമിറ്റുകൾ നേടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കഴിഞ്ഞ ആഴ്ച വിവിധ വിദ്യാഭ്യാസ ജില്ലകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളിൽ പരാതികളുടെ പ്രവാഹവും തിരക്കുമുണ്ടായിരുന്നു. ഇതോടെ പ്രശ്‌നം പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ആദിൽ അൽതബ്തബാഇ സിവിൽ സർവീസ് ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. ഇത് മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ സിസ്റ്റംസ് വകുപ്പും സിവിൽ സർവീസ് ബ്യൂറോയും തമ്മിലുള്ള സഹകരണത്തിന് വഴിയൊരുക്കി, സംയോജിത സംവിധാനത്തിൽ കുവൈത്തി ഇതര അധ്യാപകരുടെ രേഖകൾ വേഗത്തിൽ അപ്ഡേറ്റ് ചെയ്യുകയും പരിശോധിക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നൂറുകണക്കിന് അധ്യാപകർക്ക് ഭരണപരമായ തടസ്സങ്ങളില്ലാതെ, പൂർണമായും ഇലക്ട്രോണിക് പ്രോസസ്സിംഗ് വഴി അവരുടെ എക്‌സിറ്റ് പെർമിറ്റുകൾ ലഭിച്ചു.
എക്‌സിറ്റ് പെർമിറ്റിനായുള്ള നടപടിക്രമം
''സഹ്ൽ'' ആപ്പ് വഴി ഇലക്ട്രോണിക് ആയി എക്‌സിറ്റ് പെർമിറ്റ് നേടാനുള്ള പ്രക്രിയ ഇപ്രകാരമാണ്:
ഫോം സമർപ്പിക്കൽ:
അധ്യാപകർ അവരുടെ അതത് സ്‌കൂളുകളിലോ ജോലിസ്ഥലങ്ങളിലോ ഫോം നമ്പർ (1) പൂരിപ്പിക്കണം. പ്രാദേശിക വിദ്യാഭ്യാസ ജില്ലയിലെ ലീവ് ആൻഡ് അറ്റൻഡൻസ് വകുപ്പിൽ സമർപ്പിക്കുന്നതിന് മുമ്പ് അത് ഔദ്യോഗികമായി അംഗീകരിച്ചിരിക്കണം.
ആപ്പ് ആക്‌സസ്:
തുടർന്ന് അധ്യാപകൻ ''സഹ്ൽ'' മൊബൈൽ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യണം.
സർവീസ് നാവിഗേഷൻ: ആപ്പിൽ, ഉപയോക്താവ് ''സേവനങ്ങൾ'' എന്നതിലെ ''സിവിൽ സർവീസ് ബ്യൂറോ - സർട്ടിഫിക്കറ്റുകൾ'' തിരഞ്ഞെടുക്കണം. ശേഷം ''എക്‌സിറ്റ് പെർമിറ്റ് സർട്ടിഫിക്കറ്റ് (എക്‌സിറ്റ്) - ആർട്ടിക്കിൾ 17'' തിരഞ്ഞെടുക്കണം.
പുതിയ അഭ്യർത്ഥന:
ആവശ്യപ്പെടുമ്പോൾ, അധ്യാപകൻ 'ന്യൂ റിക്വസ്റ്റ്' തിരഞ്ഞെടുത്ത് അത് സമർപ്പിക്കണം.
ഡാറ്റ പരിശോധന:
ആപ്പ് ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ, അതായത് റെസിഡൻസി സ്റ്റാറ്റസ്, പാസ്പോർട്ട് വിശദാംശങ്ങൾ, അഭ്യർത്ഥിച്ച അവധിയുടെ തരം (സ്വകാര്യ, പൊതു അവധി, വാരാന്ത്യം, അല്ലെങ്കിൽ സെമസ്റ്റർ അവസാനം) എന്നിവ പ്രദർശിപ്പിക്കും. ഉപയോക്താവ് ഈ ഡാറ്റ പരിശോധിച്ച് സ്ഥിരീകരിക്കണം.
സർട്ടിഫിക്കറ്റ് തരം:
അപേക്ഷകൻ സർട്ടിഫിക്കറ്റ് 'ജോലിക്ക് ശേഷം' അല്ലെങ്കിൽ 'ജോലി സമയങ്ങളിൽ' ആവശ്യമാണോ എന്ന് തിരഞ്ഞെടുക്കണം, തുടർന്ന് ഉദ്ദേശിച്ച എക്‌സിറ്റ് തീയതി സ്ഥിരീകരിക്കണം.
അന്തിമ സമർപ്പണം:
തുടർന്ന് അപേക്ഷ സമർപ്പിക്കണം. ഇതോടെ സിസ്റ്റം സ്ഥിരീകരണ സന്ദേശവും അംഗീകാരത്തിന് ശേഷമുള്ള അറിയിപ്പും നൽകും.
എക്‌സിറ്റ് പെർമിറ്റ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത തീയതി മുതൽ മൂന്ന് മാസത്തേക്ക് സാധുതയുള്ളതാണെന്ന് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്ത് ഇതര അധ്യാപക ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും എക്‌സിറ്റ് പെർമിറ്റ് ഫോമുകളിൽ ഒപ്പുകൾ നേടാനും രേഖകൾ അതത് വിദ്യാഭ്യാസ ജില്ലകളിൽ സമർപ്പിക്കാനും സ്‌കൂൾ അഡ്മിനിസ്‌ട്രേഷനുകളോട് നിർദേശിച്ചിട്ടുണ്ട്. സമയബന്ധിതവും തടസ്സരഹിതവുമായി എക്‌സിറ്റ് പെർമിറ്റ് നേടാൻ 'സഹ്ൽ' ആപ്പ് വഴി പുതിയ ഇലക്ട്രോണിക് നടപടിക്രമം പാലിക്കാൻ അധ്യാപകരോട് അധികൃതർ അഭ്യർത്ഥിച്ചു.
എക്‌സിറ്റ് പെർമിറ്റ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനുമായി, സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് നേരിട്ട് 'സഹ്ൽ' ആപ്പ് വഴി എക്‌സിറ്റ് പെർമിറ്റുകൾ അംഗീകരിക്കാനുള്ള ഓപ്ഷൻ നൽകുന്നത് വിദ്യാഭ്യാസ മന്ത്രാലയവും സിവിൽ സർവീസ് ബ്യൂറോയും പരിശോധിച്ചു വരികയാണ്. ജില്ലാ ഓഫീസുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാനാണിത്.
Adjust Story Font
16

