കുവൈത്തിലെ സ്വകാര്യ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ ആധിപത്യം തുടരുന്നു
ഈ വർഷം ആദ്യ പാദത്തിൽ പ്രാദേശിക തൊഴിൽ വിപണിയിൽ 3% വളർച്ച കൈവരിച്ചതായും റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ പ്രവാസികൾക്ക് ആധിപത്യം വർധിക്കുന്നതായി ഏറ്റവും പുതിയ കണക്കുകൾ. സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് 2025 മാർച്ച് വരെയുള്ള ആദ്യ പാദത്തിലെ റിപ്പോർട്ട് പ്രകാരം, ഗാർഹിക തൊഴിലാളികളെ ഒഴിച്ചുനിർത്തിയുള്ള മൊത്തം തൊഴിലാളികളുടെ എണ്ണം 3 ശതമാനം വർധിച്ച് 2.211 ദശലക്ഷത്തിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 64,403 പേരുടെ വർധനവാണിത്.
റിപ്പോർട്ട് പ്രകാരം, കുവൈത്തി പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം 1.6 ശതമാനം കുറഞ്ഞ് 450,233 പേരായി. ഇത് 7,334 പേരുടെ കുറവാണ് രേഖപ്പെടുത്തുന്നത്. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം 20.4 ശതമാനമായി ചുരുങ്ങി. അതേസമയം, സ്വദേശി തൊഴിലാളികളിൽ വിദ്യാസമ്പന്നരുടെ എണ്ണം വർധിച്ചു. 2025 മാർച്ചോടെ 54.4 ശതമാനം സ്വദേശി തൊഴിലാളികളും യൂണിവേഴ്‌സിറ്റി ബിരുദധാരികളാണ്, ഇത് മുൻവർഷത്തെ 8.1 ശതമാനം സെക്കൻഡറി സ്‌കൂൾ സർട്ടിഫിക്കറ്റ് ഉടമകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മുന്നേറ്റമാണ്.
സർക്കാർ മേഖലയിൽ സ്വദേശികളുടെ ആധിപത്യം തുടരുന്നുണ്ടെങ്കിലും അവരുടെ എണ്ണത്തിൽ കുറവുണ്ടായി. സർക്കാർ ജീവനക്കാരിൽ 83.8 ശതമാനം സ്വദേശികളാണെങ്കിലും, അവരുടെ എണ്ണം 377,232 ആയി കുറഞ്ഞു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളിൽ 43.9 ശതമാനവും സാമ്പത്തിക, ഇൻഷുറൻസ് പ്രവർത്തനങ്ങൾ (19.4%), മൊത്ത, ചില്ലറ വ്യാപാരം (12.9%), താമസം, ഭക്ഷണ സേവനങ്ങൾ (11.6%) എന്നീ മൂന്ന് പ്രധാന വ്യവസായങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജലവിതരണം, ശുചീകരണം, മാലിന്യ സംസ്‌കരണം, വൈദ്യുതി, വാതക സേവനങ്ങൾ, കല, വിനോദം, കൃഷി, വനം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ സ്വദേശികളുടെ പങ്കാളിത്തം വളരെ കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രവാസി തൊഴിലാളികളുടെ വർധനവ്:
പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 4.2 ശതമാനം വർധനവ് രേഖപ്പെടുത്തി, ഇത് 71,737 പേരാണ്. ഇന്ത്യൻ പ്രവാസികളാണ് ഏറ്റവും വലിയ വിഭാഗം, 5,72,300 തൊഴിലാളികളുമായി മുൻപന്തിയിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32,802 ഇന്ത്യൻ തൊഴിലാളികളുടെ വർധനവുണ്ടായി. ഈജിപ്ഷ്യൻ തൊഴിലാളികൾ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും (47,086), അവരുടെ എണ്ണത്തിൽ 4,224 പേരുടെ കുറവുണ്ടായി.
സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ 66.3 ശതമാനവും (ഏകദേശം 1.661 ദശലക്ഷം) പ്രവാസികളാണ്. കൂടാതെ, ഗാർഹിക തൊഴിലാളി മേഖലയിൽ 29.7 ശതമാനം പ്രവാസികളാണ്. ഗാർഹിക മേഖലയിൽ ഫിലിപ്പീനോ തൊഴിലാളികളുടെ എണ്ണം കുറയുകയും നേപ്പാൾ, ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം വർധിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസി തൊഴിലാളികളിൽ ഭൂരിഭാഗവും (48.9 ശതമാനം) ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റ് ഉള്ളവരാണ്. യൂണിവേഴ്‌സിറ്റി ബിരുദധാരികൾ 15 ശതമാനം മാത്രമാണ്.
Adjust Story Font
16

