സുരക്ഷാ പരിശോധന: ജലീബ് അൽ ഷുയൂഖ്, ഖൈത്താൻ എന്നിവിടങ്ങളിലെ 19 കടകൾ അടപ്പിച്ചു
ആഭ്യന്തര മന്ത്രിയുടെ മേൽനോട്ടത്തിലായിരുന്നു നടപടി

കുവൈത്ത് സിറ്റി രാജ്യത്ത് നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ 19 വാണിജ്യ സ്ഥാപനങ്ങൾ അടപ്പിച്ചു. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ ഷുയൂഖ്, ഖൈത്താൻ എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ചയായിരുന്നു മിന്നൽ പരിശോധന. ലൈസൻസ് നിയമങ്ങൾ ലംഘിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും പ്രവർത്തിച്ച കടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന പരിശോധനയിൽ 26 നിയമലംഘകരെ അറസ്റ്റ് ചെയ്തു. റോഡരികിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന സഞ്ചരിക്കുന്ന പലചരക്ക് കടകളും അധികൃതർ നീക്കം ചെയ്തു.
വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയ എല്ലാ കടകളുടെയും വിവരങ്ങൾ രേഖപ്പെടുത്താനും, നിയമലംഘകർക്കെതിരെ അതിവേഗം നിയമനടപടികൾ സ്വീകരിക്കാനും ശൈഖ് ഫഹദ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
പൊതു സുരക്ഷയും സാമൂഹിക ക്രമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വരും ദിവസങ്ങളിലും സമാനമായ പരിശോധനാ കാമ്പയിനുകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Adjust Story Font
16

