കുവൈത്തിൽ വരും ദിവസങ്ങളിലും അതിശക്തമായ ചൂട് തുടരും; വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ
പരമാവധി താപനില 51 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിലും അതിശക്തമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ കാറ്റുകൾ കാരണം പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ഇന്ത്യൻ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് കുവൈത്ത് ഇപ്പോൾ, ഇത് ചൂട് വർധിപ്പിക്കുകയും താപനില കുറഞ്ഞത് 33 ഡിഗ്രി സെൽഷ്യസിനും പരമാവധി 48 മുതൽ 51 ഡിഗ്രി സെൽഷ്യസിനും ഇടയിൽ രേഖപ്പെടുത്തുകയും ചെയ്യുമെന്നും ധരാർ അലി പറഞ്ഞു. കടലിൽ തിരമാലകൾ ആറടിയിലധികം ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി ഉപഭോഗം വർധിച്ചു
ചൊവ്വാഴ്ച ഉച്ചയോടെ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയതോടെ കുവൈത്തിൽ വൈദ്യുതി ലോഡ് സൂചിക അതിനിർണായക നിലയിലെത്തി. 15,881 മെഗാവാട്ടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം. തിങ്കളാഴ്ച ഇത് 14,850 മെഗാവാട്ടായിരുന്നു.
ഉയർന്ന താപനില കാരണം വൈദ്യുതി ഉപഭോഗം വർധിക്കുന്നത് സ്വാഭാവികമാണെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. രാവിലെ 11:00 മുതൽ വൈകുന്നേരം 5:00 വരെയാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത്. നിലവിലെ ലോഡ് എല്ലാ പവർ സ്റ്റേഷനുകളുടെയും ആകെ ഉൽപ്പാദന ശേഷിയായ 18,600 മെഗാവാട്ടിന് താഴെയാണെന്നും അധികൃതർ വ്യക്തമാക്കി.
ഊർജ സംരക്ഷണത്തിന് ആഹ്വാനം
വൈദ്യുതി ഉപഭോഗം നിരീക്ഷിച്ചുവരികയാണെന്നും ഊർജ സംരക്ഷണ നടപടികൾ നടപ്പിലാക്കാൻ വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. എയർ കണ്ടീഷണറുകൾ നിശ്ചിത താപനിലയിൽ ക്രമീകരിക്കുക, ആളില്ലാത്ത മുറികളിലെ ലൈറ്റുകൾ ഓഫ് ചെയ്യുക തുടങ്ങിയ ഊർജ സംരക്ഷണ ശീലങ്ങൾ പാലിക്കാൻ പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
Adjust Story Font
16

