നിയമവിരുദ്ധ ഗർഭഛിദ്ര ചികിത്സ; കുവൈത്തിൽ വ്യാജ ഏഷ്യൻ ഡോക്ടർ അറസ്റ്റിൽ
ഗർഭഛിദ്ര ഗുളികയടക്കം നിയമവിരുദ്ധ മരുന്ന് ശേഖരവും പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ ലൈസൻസോ ഔപചാരിക മെഡിക്കൽ യോഗ്യതകളോ ഇല്ലാതെ നിയമവിരുദ്ധമായി ചികിത്സ നടത്തിയ വ്യാജ ഏഷ്യൻ ഡോക്ടർ അറസ്റ്റിൽ. ഹവല്ലി ഡിറ്റക്ടീവുകളാണ് ഏഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തത്.
ഹവല്ലിയിലെ പഴയ റെസിഡൻഷ്യൽ കെട്ടിടത്തിലെ വാടക മുറി താത്കാലിക ക്ലിനിക്കാക്കിയാണ് ചികിത്സ നടത്തിയതെന്ന് അധികൃതർ കണ്ടെത്തി. സ്വന്തം രാജ്യത്തുനിന്നുള്ള പ്രവാസികളാണ് കൂടുതലായും ചികിത്സക്കെത്തിയതെന്നും അധികൃതർ തിരിച്ചറിഞ്ഞു.
റെയ്ഡിൽ മുറിക്കുള്ളിൽ നിന്ന് വൻ തോതിൽ മരുന്നുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ മരുന്നുകളും വിദേശത്ത് നിന്ന് രാജ്യത്തേക്ക് കടത്തിയ മരുന്നുകളും പിടികൂടിയവയിലുണ്ട്. പിടിച്ചെടുത്ത മരുന്നുകളിൽ ഗർഭഛിദ്ര ഗുളികകൾ, വേദനസംഹാരികൾ, മയക്കമരുന്നുകൾ, സാധാരണവും വിട്ടുമാറാത്തതുമായ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന വിവിധതരം മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു.
വ്യാജ ഡോക്ടറുടെ മുറിയിലേക്ക് പ്രവാസികൾ പതിവായി സന്ദർശിച്ചതിനെത്തുടർന്നാണ് ഡിറ്റക്ടീവുകൾക്ക് സൂചന ലഭിച്ചതെന്ന് സുരക്ഷാ സ്രോതസ്സിനെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലൈസൻസില്ലാത്ത ക്ലിനിക് കണ്ടെത്തിയത്. തന്റെ രാജ്യത്തെ സ്ത്രീകൾക്ക് ഇയാൾ നിയമവിരുദ്ധമായ ഗർഭഛിദ്ര ചികിത്സ നൽകുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, വാറണ്ടുമായെത്തി പരിസരം റെയ്ഡ് ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എല്ലാ മെഡിക്കൽ സാധനങ്ങളും കണ്ടുകെട്ടുകയും ചെയ്തു.
35 കുവൈത്ത് ദീനാറിന് ഗർഭഛിദ്ര ഗുളികകൾ വിറ്റതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളും പ്രതിയുടെ കുറ്റസമ്മത മൊഴികളും സഹിതം കേസ് കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Adjust Story Font
16

